യെസ് ബാങ്കിന് മേൽ റിസർവ് ബാങ്ക് ഏർപ്പെടുത്തിയിരുന്നു മൊറട്ടോറിയം നീക്കി. 2020 ഏപ്രിൽ 3 വരെയാണ് ആർബിഐ പിൻവലിക്കലിന് പരിധി നിശ്ചയിച്ചിരുന്നത്. എന്നാൽ നിശ്ചിത സമയപരിധിക്ക് രണ്ടാഴ്ച മുമ്പ് തന്നെ റിസർവ് ബാങ്ക് മൊറട്ടോറിയം നീക്കി. ഇതോടെ ഇന്ത്യയിലെ നാലാമത്തെ വലിയ സ്വകാര്യ ബാങ്കായ യെസ് ബാങ്കിന് രണ്ടാം ജന്മമാണ് ലഭിച്ചിരിക്കുന്നത്. അക്കൌണ്ടുകളിൽ നിന്ന് ഇനി ജീവനക്കാർക്ക് യഥേഷ്ടം പണം പിൻവലിക്കാം.
യെസ് ബാങ്കിന്റെ സാധാരണ ബാങ്കിംഗ് പ്രവർത്തനങ്ങൾ വൈകുന്നേരം 6 മണി പുനരാരംഭിച്ചു. കിട്ടാക്കടം വർദ്ധിച്ചതിനെ തുടർന്നാണ് റിസർവ് ബാങ്ക് യെസ് ബാങ്കിന് മൊറട്ടോറിയം ഏർപ്പെടുത്തിയത്. 50,000 രൂപയാണ് പിൻവലിക്കൽ പരിധിയായി നിശ്ചയിച്ചത്. യെസ് ബാങ്കിന്റെ മൊറട്ടോറിയം കാലയളവ് അവസാനിക്കുന്നതിന് മുമ്പായി, ഓഹരികൾ ഓരോന്നിനും 60.80 രൂപയിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിൽ കഴിഞ്ഞ ക്ലോസിനെ അപേക്ഷിച്ച് 3.67 ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.