സിമി നസീർ – കോതമംഗലം
പടിവാതിലാരോ തുറക്കവേ നിശ്ശബ്ദ
മൊരുമാത്ര കാതോർത്തു നിൽക്കുന്നു പിന്നെയും
വിളയാട്ടമാടിത്തിമിർക്കുന്നു പൂവുകൾ
പൂവുപോൽ പാറുന്ന തുമ്പികൾ
ശലഭക്കുരുന്നുകൾ പൈതങ്ങൾ
പുലർവെട്ടമെത്തിയീ കുഞ്ഞുകൂടാരമി
ന്നുണരുന്നതിൻ മുന്പ് പോയതാണച്ഛൻ
വരികയാണ് വരവിന്നു കേളി കൊണ്ടാണ് പുറവാതിലിൽ
പതിയോരു നിസ്വനം ഇളവെയിൽ
ചിരിയായി കതിരായി
വരികയാണച്ഛൻ
നിറനിലാവുണ്ടു മയങ്ങിയുണരുന്ന
തളിരുകൾ പൊട്ടിച്ചിരിക്കുന്ന
കൂട്ടിലേക്കണയുന്നുവച്ഛൻ
നിറമുള്ള കടലാസു
പൊതികളിൽ മധുരങ്ങൾ
മധുവൂറുമോർമ്മകൾ
ഇനി എൻ കുരുന്നുകൾക്കുത്സവം മഴയത്തു
നനയുന്ന പൂവിന്റെ ശൈശവം
വിടരുന്ന
മിഴികളിലാനന്ദ കൗതുകം
വരികയാണച്ഛൻ
വരികയാണച്ഛൻ