യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിച്ചു എന്ന തൻ്റെ നിലപാട് മാറ്റി ഡോണൾഡ് ട്രംപ്. തെരഞ്ഞെടുപ്പ് വിജയിച്ചത് താൻ തന്നെയാണെന്നാണ് ട്രംപിൻ്റെ പുതിയ പ്രഖ്യാപനം. തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ട്രംപിൻ്റെ പ്രഖ്യാപനം. കഴിഞ്ഞ ദിവസം തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ട്രംപ് ബൈഡൻ വിജയിച്ചു എന്ന് ആദ്യമായി സമ്മതിച്ചത്.
താൻ തന്നെയാണ് തെരഞ്ഞെടുപ്പിൽ ജയിച്ചതെന്ന് ആവർത്തിച്ചു കൊണ്ടിരുന്ന ട്രംപ് ഇന്നലെയാണ് ബൈഡൻ ജയിച്ചതായി സമ്മതിച്ചത്. പക്ഷേ, കൃത്രിമം കാണിച്ചാണ് തന്നെ ബൈഡൻ പരാജയപ്പെടുത്തിയതെന്നും ട്രംപ് ഇന്നലെ കുറിച്ചിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിച്ചും കള്ള വോട്ടുകൾ ചെയ്തുമാണ് ബൈഡൻ വിജയിച്ചതെന്നായിരുന്നു ട്വീറ്റ്.
യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലുണ്ടായ തോൽവി അംഗീകരിക്കുന്നു എന്ന് കഴിഞ്ഞ ദിവസം ട്രംപ് സൂചന നൽകിയിരുന്നു. വെള്ളിയാഴ്ച മാധ്യമപ്രവർത്തകരെ അഭിമുഖീകരിച്ചപ്പോഴാണ് ട്രംപ് ഇത്തരത്തിൽ സംസാരിച്ചത്. തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിച്ചത് കൃത്രിമം കാണിച്ചാണെന്നാരോപിച്ച് ട്രംപിൻ്റെ റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകർ പരാതി നൽകിയിരുന്നു എങ്കിലും പല കോടതികളും ഇത് തള്ളി. ഇതിനു പിന്നാലെയായിരുന്നു ട്രംപിൻ്റെ പരാമർശം.
വോട്ടെണ്ണലിൽ ക്രമക്കേടുണ്ടെന്നായിരുന്നു റിപ്പബ്ലിക്കൻ പാർട്ടിയുടെ ആരോപണം. കൃത്രിമ ബാലറ്റുകൾ ഉപയോഗിച്ചു എന്നും അവർ ആരോപിച്ചു. എന്നാൽ, ഈ ആരോപണങ്ങൾക്കൊന്നും തെളിവില്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.