ലെബനോൺ തലസ്ഥാനമായ ബെയ്റൂട്ടിൽ കൂറ്റൻ സ്ഫോടനം. ബെയ്റൂട്ട് തുറമുഖത്തിലെ ഗോഡൗണിൽ വമ്പൻ പൊട്ടിത്തെറി ഉണ്ടായെന്നാണ് ബിബിസിയുടെ റിപ്പോർട്ട്. ഒട്ടേറെ പേർക്ക് പരുക്ക് പറ്റുകയും ഒട്ടേറെ വാഹനങ്ങൾക്ക് നാശൻഷ്ടം സംഭവിക്കുകയും ചെയ്തു. സ്ഫോടനത്തിൻ്റെ കാരണം എന്താണെന്ന് ഇതുവരെ അറിവായിട്ടില്ല. മുൻ പ്രധാനമന്ത്രി റഫീഖ് ഹരീരിയുടെ കൊലപാതകക്കേസിലെ വിധി വരാനിരിക്കെയാണ് സ്ഫോടനം.
പ്രാദേശിക സമയം വൈകുന്നേരം 6 മണിക്കാണ് സ്ഫോടനം ഉണ്ടായത്. ബെയ്റൂട്ടിലെ തുറമുഖത്തിനടുത്ത് സ്ഫോടക വസ്തുക്കൾ സൂക്ഷിക്കുന്ന നിരവധി ഗോഡൗണുകളുണ്ടെന്നും അവിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നും ഔദ്യോഗിക വാർത്താ ഏജൻസിയായ എൻഎൻഎയുടെ റിപ്പോർട്ട് ചെയ്യുന്നു. ഒട്ടേറെ പേർക്ക് പരുക്കേറ്റിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബെയ്റൂട്ടിൽ ഇപ്പോൾ കറുത്ത പുകപടലങ്ങൾ നിറഞ്ഞിരിക്കുകയാണെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ആളുകൾ റോഡിലൂടെ രക്തം വാർന്ന് ഓടുകയാണ്. വലിയ കെട്ടിടങ്ങളും റോഡിലൂടെ ഓടുന്ന കാറുകളുമൊക്കെ തകർന്നു എന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.