തിരുവനന്തപുരം: ഓഗസ്റ്റ് 31 മുതല്‍ സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 3 വരെയുള്ള തിയതികളില്‍ കേരളത്തിലും മാഹിയിലും ഇടിയോടുകൂടിയ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഈ ദിവസങ്ങളില്‍ 24 മണിക്കൂറില്‍ 7 മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ പ്രതീക്ഷിക്കുന്നു.
31-08-2020 നും 01-09-2020 നും ഇടുക്കി ജില്ലയിലും 02-09-2020 ന് കൊല്ലം ജില്ലയിലും ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 3 വരെ കേരളത്തില്‍ ആകെ ലഭിക്കാന്‍ സാധ്യതയുള്ള ശരാശരി മഴ സാധാരാണ മഴ( Normal Rainfall) ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്(IMD) അറിയിച്ചു. എന്നാൽ സെപ്റ്റംബര്‍ 4 മുതല്‍ സെപ്റ്റംബര്‍ 10 വരെയുള്ള രണ്ടാമത്തെ ആഴ്ചയില്‍ കേരളത്തില്‍ സാധാരണയേക്കാള്‍ കൂടിയ മഴയാണ് (Above Normal Rainfall) ആകെ ലഭിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ദീര്‍ഘകാല പ്രവചനത്തില്‍ നിന്ന് ഏതൊക്കെ പ്രദേശങ്ങളിലായിരിക്കും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മനസ്സിലാക്കാന്‍ സാധിക്കില്ല. എല്ലാദിവസവും പുറപ്പെടുവിക്കുന്ന 5 ദിവസത്തെ മഴ മുന്നറിയിപ്പില്‍ ജില്ലാതല വിവരങ്ങള്‍ ലഭ്യമാകുന്നതാണ്.
2020 മണ്‍സൂണ്‍ സീസണില്‍ ഇത് വരെ (ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 29 വരെ) കേരളത്തില്‍ ആകെ ലഭിച്ചത് 1624 മില്ലിമീറ്റര്‍ മഴയാണ്. ഇത് ഈ കാലയളവില്‍ ലഭിക്കേണ്ട മഴയുടെ ദീര്‍ഘകാല ശരാശരിയേക്കാള്‍ 8% കുറവാണ്. ഓഗസ്റ്റ് 20 മുതല്‍ ഓഗസ്റ്റ് 26 വരെയുള്ള ആഴ്ചയില്‍ സംസ്ഥാനത്ത് ലഭിച്ച ശരാശരി മഴ സാധാരണ മഴയെക്കാള്‍ 77% കുറവ് മഴയാണ്.