കോവിഡ് മഹാമാരിയുടെ കെടുതിയിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട് അനാഥരായ കുഞ്ഞുങ്ങൾക്ക് വേണ്ടി, ചിറമേലച്ചൻ ഒരു കോടി രൂപ നൽകി.ഫാ. ഡേവിസ് ചിറമേൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള ഹങ്കർ ഹണ്ട് പദ്ധതിയിലൂടെ, കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള അഗതി മന്ദിരങ്ങളിൽ, ലോകമെമ്പാടുമുള്ള നാനാജാതി മതസ്ഥരായ സുമനസ്സുകളുടെ സഹായത്തോടെ എല്ലാ മാസവും ബിരിയാണി വിതരണം ചെയ്തുകൊണ്ടിരിക്കുകയാണ്. വിയ്യൂർ സബ്ജയിലിന്റെ അക്കൗണ്ട് വഴി സ്വരൂപിക്കുന്ന പണം ഉപയോഗിച്ച് കേരളത്തിലെ 14 ജില്ലാ ജയിലുകളിലും ഭക്ഷണം ഉണ്ടാക്കി വൈഎംസിഎ കൾ വഴി എല്ലാ അഗതി മന്ദിരങ്ങളിലും എത്തിക്കുന്നു. അങ്ങനെ സ്വരൂപിച്ച പണത്തിൽ നിന്നും ഒരു കോടി രൂപ കോവിഡ് മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട് അനാഥരാക്കപ്പെട്ട കുട്ടികൾക്ക് നല്കുന്നതിനുവേണ്ടി സംഭാവന നൽകിയവരുടെയും കൂടി അഭിപ്രായം ആരാഞ്ഞതിനുശേഷം മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിന് തീരുമാനിച്ചു.ഒരു കോടി രൂപയുടെ ചെക്ക് റെവന്യൂ മന്ത്രി ശ്രീ. കെ. രാജന്റെ സാന്നിധ്യത്തിൽ ചിറമേൽ അച്ഛൻ മുഖ്യമന്ത്രിക്ക് കൈമാറി. തദവസരത്തിൽ ഫാ. ഡേവിസ് ചിറമേൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ രാജൻ തോമസ്, മാനേജിങ് ട്രസ്റ്റി സി. വി ജോസ് എന്നിവർ സന്നിഹിതരായിരുന്നു.