ദേവദാസ് കടയ്ക്കവട്ടം
അതെ… ഇനി സുഗതകുമാരി ടീച്ചറിന്റെ തൂലികയിൽ കവിത വിരിയുകയില്ല… വർഷങ്ങൾക്ക് മുൻപ് കവി ഒരു പ്രത്യേകഘട്ടത്തിൽ എഴുതിയ കവിതയാണിതെങ്കിലും ഇന്ന് ഈ വരികൾ യാഥാർത്ഥ്യമായിരിക്കുന്നു!
“സ്വർണ്ണത്തിന് സുഗന്ധം പോലെ ” എന്നാണ് ഒരിക്കൽ പ്രശസ്ത കവി ഒ.എൻ.വി കുറുപ്പ് സുഗതകുമാരിയുടെ കവിതകളെക്കുറിച്ച് പറ ഞ്ഞത്! ആ അനശ്വര കവിതകളെക്കുറിച്ച്ഇതിലും നല്ലൊരു വിശേഷണം ഇല്ലതന്നെ!
അതെ.. സഹൃദയമനസ്സുകളെ പിടിച്ചുലയ്ക്കുന്ന – അഭിരമിപ്പിക്കുന്ന എന്തോ ഒന്ന് ടീച്ചറിന്റെ എല്ലാ കവിതകളിലും ദർശിക്കാനാവും. നഷ്ടബോധത്തിന്റെ നെരിപ്പോടിലെരിയുമ്പോഴും പ്രതീക്ഷയുടെ പൊൻപുലരി വെട്ടങ്ങളും അതിൽക്കാണാം. അതിനാലാണല്ലോ ” ഒരു പാട്ട് പിന്നെയും ” ആ കിളി പാടി നോക്കുന്നത്! അത് കൊണ്ട് തന്നെയാണ് ” ഒരു താരകയെക്കാണുമ്പോളത് രാവ് മറക്കു “ന്നത്. “പുതുമഴ കാണുമ്പോൾ വരൾച്ച ” മറക്കുന്നത് … ” പാൽച്ചിരി ” കാണുമ്പോൾ ….”മൃതിയെ ” മറക്കുന്നത് !!…
കവിത എഴുതാനുള്ളത് മാത്രമല്ല, ജീവിച്ച് കാണിക്കാനും കൂടിയുള്ളതാണ് എന്നവർ സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചു. ഗാന്ധിജിയേപ്പോലെ ” എന്റെ ജീവിതമാണ് എന്റെ സന്ദേശം ” എന്ന തത്വം അവരും ഹൃദയത്തിലാവാഹിച്ചു എന്നതിൽ സംശയമില്ല.വേദനയനുഭവിക്കുന്ന സകല മനുഷ്യർക്കും ‘അഭയ’മാകുന്നതോടൊപ്പം കാടിനും മൃഗങ്ങൾക്കും പൂവിനും പുല്ലിനും വരെ അവർ അത്താണിയായി.
കക്ഷി രാഷ്ട്രീയം നോക്കാതെ അവർ മനുഷ്യനുംപ്രകൃതിയ്ക്കുംവേണ്ടി പൊരുതി. ജാതി-മത-വർഗ്ഗ-വർണ്ണ-ഭാഷാ- ലിംഗഭേദങ്ങൾക്കതീതമായി എല്ലാവർക്കുമുള്ള സ്നേഹത്തിന്റെ അർഹതയ്ക്ക് വേണ്ടി അവർ വാദിച്ചു. ജീവന്റെ ഓരോ തുടിപ്പുകൾക്കും ഇവിടെത്തുടരാനുള്ള അവകാശത്തെക്കുറിച്ച് അവർ ഉറക്കെ വിളിച്ച്പറഞ്ഞു. അധികാരത്തിന്റെ ദന്തഗോപുരങ്ങളെ തന്റെ കവിതകളെക്കൊണ്ടും സംഘടനാ ശേഷി കൊണ്ടും അവർ പിടിച്ചുലച്ചു. അഴിമതിക്കാർക്കും സ്വജന പക്ഷപാതികൾക്കും അക്രമികൾക്കും ഉപജാപക വൃന്ദങ്ങൾക്കും മാഫിയ സംഘങ്ങൾക്കും കണ്ണിലെ കരടായി. എന്നാൽ വേദനിക്കുന്നവർക്ക് അവർ സാന്ത്വനത്തലോടലായി… തണൽ നൽകുന്ന മഹാ വൃക്ഷമായി…
ഇന്നിതാ.. ആ മഹാവൃക്ഷം മറിഞ്ഞ് വീണിരിക്കുന്നു. “എനിക്കു മരണത്തെപ്പേടിയില്ലിനി ” എന്ന് വേരറ്റു വീഴുമ്പോഴും ആ കവിഹൃദയം മന്ത്രിച്ചിട്ടുണ്ടാകാം..പക്ഷേ, ആ മഹാ വൃക്ഷശാഖികളിലെ തണലേറ്റവർ ആകെ തളർന്ന് പോയിട്ടുണ്ടാവില്ലേ ?.. ആ ശാഖകളിൽ കൂട് കൂട്ടി ജീവിതാ രാമ സുഗന്ധം ആസ്വദിച്ച് ആത്മനിർവൃതിയിൽ കഴിഞ്ഞിരുന്ന കിളിക്കൂട്ടങ്ങൾ അനാഥരായിത്തീർന്നിട്ടുണ്ടാവില്ലേ ? അതോ …. അന്നൊരിക്കൽ എഴുതിയ കവിതയിലുള്ള – അക്രൂരൻ തെളിക്കുന്ന രഥത്തിലിരുന്ന് കരുണാപൂർവ്വം തന്നെ കടാക്ഷിച്ച ആ ഗോപാലബാലന്റെ തൃച്ചേവടികളിൽ അവരെ ഏല്പിച്ചിട്ടാണോ മഹാമനസ്വിനിയായ കവി യാത്രയായത് ? അങ്ങിനെ തന്നെയാവട്ടെ! വെറുതെയെങ്കിലും നമുക്കങ്ങിനെ പ്രത്യാശിക്കാം… ആ അന്യാദൃശ പ്രതിഭയ്ക്ക് മുൻപിൽ കണ്ണീർപ്രണാമമർപ്പിക്കട്ടെ…