സാങ്കേതിക രംഗത്തെ വമ്പൻ കമ്പനിയായ ഗൂഗിൾ ഇന്ത്യയിലെ ഡിജിറ്റൽവൽക്കരണത്തിന് 75,000 കോടി രൂപ നിക്ഷേപിക്കും. അടുത്ത അഞ്ചുമുതൽ ഏഴുവരെ വർഷത്തിനിടയിലാണ് ഇത്രയും തുകയുടെ നിക്ഷേപം നടത്തുകയെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ വ്യക്തമാക്കി.
മൂലധന നിക്ഷേപം, ഓഹരി പങ്കാളിത്തം, അടിസ്ഥാന സൗകര്യമേഖലയിലെ നിക്ഷേപം എന്നിങ്ങനെ പലതലത്തിലാകും തുക നിക്ഷേപിക്കുകയെന്നും സുന്ദർ പിച്ചെ വ്യക്തമാക്കി. ഇന്ത്യയുടെ ഡിജിറ്റൽവൽക്കരണവുമായി ബന്ധപ്പെട്ട നാല് മേഖലകളിലാകും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദി, തമിഴ്, പഞ്ചാബി എന്നീഭാഷകളിലോ മറ്റേതെങ്കിലും സ്വന്തം ഭാഷകളിലോ ഓരോ ഇന്ത്യക്കാരനും വിവരലഭ്യത കുറഞ്ഞ നിരക്കിൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പ്രാപ്തമാക്കുകയാണ് ആദ്യമായി ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ ആവശ്യകത പരിഗണിച്ചുകൊണ്ട് ആവശ്യമായ പുതിയ ഉത്പനങ്ങളുടെ നിർമാണമാണ് രണ്ടാമത്തേത്.
ബിസിനസ് രംഗത്ത് ഡിജിറ്റലിലേക്കുള്ള മാറ്റമാണ് മൂന്നാമത്തേത്. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ പ്രധാന മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ളവയുടെ സേവനം പ്രയോജനപ്പെടുത്തുകയാണ് നാലാമത്തേത്.
പ്രധാനമന്ത്രി ഗൂഗിൾ സിഇഒയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയുമായി ഇന്ന് രാവിലെ വീഡിയോ കോണ്‍ഫറൻസിലൂടെ സംസാരിച്ചു. കോവിഡ് 19മായി ബന്ധപ്പെട്ട് വിശ്വാസ്യയോഗ്യമായ വിവരങ്ങള്‍ നൽകുന്നതിന് ഗൂഗിൾ സ്വീകരിച്ച നടപടികൾ സുന്ദർ പിച്ചെ പ്രധാനമന്ത്രിയോട് വിശദീകരിച്ചു.
രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കാനുള്ള ഉറച്ച തീരുമാനമാണ് കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് ശക്തമായ അടിത്തറ നൽകിയതെന്നും സുന്ദർ പിച്ചെ അറിയിച്ചു. ഗൂഗിൾ ഇന്ത്യയിൽ നടത്താൻ പോകുന്ന വമ്പൻ നിക്ഷേപത്തിന്റെ വിശദാംശങ്ങളും സുന്ദർ പിച്ചെ പ്രധാനമന്ത്രിയോട് പങ്കുവെച്ചു.