രാജ്യത്ത് ലോക്ഡൗൺ കാരണം പ്രയാസം അനുഭവിക്കുന്ന പാവപ്പെട്ടവർക്ക് 50 ലക്ഷം രൂപയുടെ അരി നൽകുമെന്ന് സൗരവ് ഗാംഗുലി. മുൻ ഇന്ത്യൻ നായകനും ബി.സി.സി.ഐ പ്രസിഡന്റുമായ ഗാംഗുലിയും ലാൽ ബാബ റൈസ് കമ്പനിയും ചേർന്നാണ് സർക്കാർ സ്കൂളുകളിൽ പാർപ്പിച്ച പാവങ്ങൾക്ക് അരി നൽകുക. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ആണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്.
ഗാംഗുലിയുടെ ഈ നീക്കം സംസ്ഥാനത്തെ മറ്റുള്ളവരെ കൂടി ഇത്തരം കാര്യങ്ങൾ ചെയ്യാൻ പ്രചോദിപ്പിക്കുമെന്നു ലാൽ ബാബ റൈസ് കമ്പനി അഭിപ്രായപ്പെട്ടു.
കോവിഡ് 19 പടരുന്നത് നിയന്ത്രിക്കാൻ 130 കോടി ജനങ്ങളുള്ള ഇന്ത്യയിൽ ചൊവ്വാഴ്ചയാണ് മോദി ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഇത് രാജ്യത്തെ ദിവസ വേതനക്കാരെ ബാധിക്കുമെന്ന് നിരവധി പ്രമുഖരടക്കം മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും 15000 കോടി രൂപയാണ് സാമ്പത്തിക പാക്കേജായി രാജ്യത്ത് പ്രഖ്യാപിച്ചത്. ഇതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.