കൊവിഡ് 19 വൈറസ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഒളിംപിക്സ് മാറ്റി. അടുത്ത വര്‍ഷത്തേയ്ക്കാണ് ഒളിംപിക്സ് മാറ്റിയിരിക്കുന്നത്. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഒളിംപിക്സ് മാറ്റിവയ്ക്കണമെന്ന് വിവിധ ഇടങ്ങളില്‍ നിന്നും ശക്തമായ ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ജപ്പാന് പ്രധാനമന്ത്രിയും ഒളിംപിക് കമ്മറ്റി മേധാവിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് അടുത്ത വര്‍ഷത്തേയ്ക്ക് ഒളിംപിക്സ് മാറ്റാന്‍ ധാരണയായത്. എന്നാല്‍ കൃത്യമായ തീയതി പുറത്തുവിട്ടിട്ടില്ല.
അതേസമയം ഒളിംപിക്സ് മാറ്റിവെച്ചത് ടോക്കിയോ നഗരത്തിന് കടുത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. വേദികള്‍ എല്ലാംതന്നെ നേരത്തെ തയാറാക്കുകയും ടിക്കറ്റുകള്‍ വിറ്റഴിക്കുകയും ചെയ്തിരുന്നു. കൊവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തില്‍ ഒളിംപിക്സ് മാറ്റണമെന്ന് ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു. മാറ്റിയില്ലെങ്കില്‍ തങ്ങളുടെ രാജ്യത്ത് നിന്നും കായിക താരങ്ങളെ അയക്കില്ലെന്നു കാനഡയും ഓസ്ട്രേലിയയും വ്യക്തമാക്കിയിരുന്നു. ഒടുവില്‍ ആരോഗ്യത്തിന് പ്രാധാന്യം നല്കാന് ജപ്പാന് പ്രധാനമന്ത്രിയും ഒളിംപിക് കമ്മറ്റി മേധാവിയും തീരുമാനിച്ചു.
ടോക്കിയോയില്‍ ജൂലൈ 14 ന് ഒളിപിംക്സ് ആരംഭിക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. 124 വര്‍ഷത്തെ ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഒളിംപിക്സ് വൈകി നടത്തുന്നത്. അതേസമയം ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ 1916, 1940, 1944 എന്നീ വര്‍ഷങ്ങളില്‍ ഒളിംപിക്സ് റദ്ദാക്കിയിട്ടുണ്ട്.