ലിസ്ബണ്‍: പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ ആശുപത്രികളാക്കി മാറ്റിയതായി റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ ക്ലബ്ബായ യുവന്റസിന്റെ വെബ്സൈറ്റും സ്പാനിഷ് ദിനപ്പത്രമായ മാര്‍സയുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബ്രാന്‍ഡായ സിആര്‍-7ന്റെ പേരിലുള്ള ഹോട്ടലുകളാണ് ആശുപത്രികളാക്കിയത്. ഈ കേന്ദ്രങ്ങളില്‍ ചികിത്സ സൗജന്യമായിരിക്കും. ഇവിടെ സേവനം ചെയ്യുന്ന ഡോക്ടര്‍മാരുടെയും മറ്റ് സ്റ്റാഫുകളുടെയും ശന്പളം ഉള്‍പ്പെടെയുള്ള ചെലവുകള്‍ റൊണാള്‍ഡോ വഹിക്കുമെന്നാണു റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും സന്പന്നനായ കായിക താരങ്ങളില്‍ ഒരാളാണു റൊണാള്‍ഡോ. സിആര്‍-7 ബ്രാന്‍ഡിന്റെ ഉല്‍പ്പന്നങ്ങളും ആഡംബര ഹോട്ടലുകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഇറ്റാലിയന്‍ സിരി എയില്‍ യുവന്റസിന്റെ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, സഹതാരം ഡാനിയേല്‍ റുഗാനിക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ, പോര്‍ച്ചുഗലിലെ വീട്ടിലാണുള്ളത്.
പോര്‍ച്ചുഗലില്‍ ഇതുവരെ 170 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവിടെ കോവിഡ്-19 ബാധിച്ച് ഇതുവരെ ആരും മരിച്ചിട്ടില്ല. ലോകത്താകമാനം ഇതുവരെ കൊറോണ ബാധിച്ച് 5,846 പേര് മരിച്ചിട്ടുണ്ട്. ചൈനയിലാണ് ഏറ്റവും കൂടുതല്‍ പേര് മരിച്ചിരിക്കുന്നത്.