വിജയ് ഹസാരെ ട്രോഫിയിൽ അഞ്ച് വിക്കറ്റ് നേട്ടവുമായി മലയാളി ക്രിക്കറ്റർ എസ് ശ്രീശാന്ത്. ഉത്തർപ്രദേശിനെതിരായ മത്സരത്തിലാണ് ശ്രീശാന്ത് 5 വിക്കറ്റ് നേടിയത്. 15 വർഷത്തിന് ശേഷമാണ് ശ്രീശാന്ത് ലിസ്റ്റ് എ ക്രിക്കറ്റിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നത്.
9.3 ഓവറിൽ 65 റൺസ് വഴങ്ങിയാണ് ശ്രീശാന്ത് അഞ്ച് വിക്കറ്റെടുത്തത്. യുപി ക്യാപ്റ്റനും ഇന്ത്യൻ പേസറുമായ ഭുവനേശ്വർ കുമാറിൻെറ വിക്കറ്റും ഇതിൽ ഉൾപ്പെടുന്നു. 283 റൺസിന് ഉത്തർപ്രദേശിനെ കേരളം ഓൾ ഔട്ടാക്കി.
യുപി ഓപ്പണർ അഭിഷേക് ഗോസ്വാമിയെയാണ് ആദ്യം ശ്രീശാന്ത് പുറത്താക്കിയത്. ടോപ് സ്കോറർ അർഷ് ദീപ് നാഥിന്റെ വിക്കറ്റും ശ്രീശാന്ത് പിഴുതെടുത്തു.
ആദ്യമത്സരത്തിൽ കേരളം ഒഡീഷയെ 34 റൺസിന് പരാജയപ്പെടുത്തിയിരുന്നു. ആ മത്സരത്തിലും ശ്രീശാന്ത് രണ്ട് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഐപിഎൽ താരലേലത്തിൽ ശ്രീശാന്തിനെ പരിഗണിക്കാതിരുന്നവർക്കുള്ള താരത്തിൻെറ മറുപടി കൂടിയാണ് ഈ പ്രകടനം.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 7 പന്തുകൾ ശേഷിക്കെ 284 റൺസെടുത്തു. 81 റൺസ് നേടിയ റോബിൻ ഉത്തപ്പയുടെ ബാറ്റിംങ്ങ് മികവിലാണ് കേരളം യുപിയെ പരാജയപ്പെടുത്തിയത്.