ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഷെഫീൽഡ് യുണൈറ്റഡ് ക്ലബിന്റെ ഉടമസ്ഥരായ യുണൈറ്റഡ് വേൾഡ് ഗ്രൂപ്പിൻറെ ഇന്ത്യയിലെ തന്നെ ആദ്യ ക്ലബ്ബാണ് കേരള യുണൈറ്റഡ് എഫ്സി. കോഴിക്കോട് ക്വാർട്സ് എഫ് സി യെ ഏറ്റെടുത്ത് ആണ് കേരള യുണൈറ്റഡ് എഫ്സി രൂപീകരിച്ചത്. ബെൽജിയം പ്രൊ പ്രീമിയർ ലീഗ് ടീമായ ബീർ ഷോട്ട് വി എ, ദുബായ് രണ്ടാം ഡിവിഷൻ ടീം അൽഹിലാൽ യുണൈറ്റഡ് എന്നീ ടീമുകളും യുണൈറ്റഡ് വേൾ ഡിൻ്റെ ആണ്.
ടീം ആദ്യം ലക്ഷ്യമിടുന്നത് കേരള പ്രീമിയർ ലീഗ് ആണ്. തുടർന്ന് ഐ ലീഗും, ഐഎസ് എലും. യുവ കളിക്കാർക്ക് ആണ് ടീമിൽ പ്രാമുഖ്യം. കൂടുതൽ മലയാളികളായ കളിക്കാർക്ക് അവസരം നൽകാനാണ് ലക്ഷ്യമിടുന്നതെന്നും ടീം ഉടമകൾ പറയുന്നു. ” ഷെഫീൽഡ് ക്ലബ്ബ് താരങ്ങളുടെ വയസ്സ് ശരാശരി 18 മുതൽ 22 ആണ്. ഇത് അനുപാതം തന്നെയാണ് കേരള യുണൈറ്റഡും സ്വീകരിച്ചിരിക്കുന്നത്. ഇംഗ്ലീഷ് ക്ലബ്ബ് നാട്ടുകാർക്ക് കൂടുതൽ അവസരം കൊടുക്കുന്നത് പോലെ തന്നെ എന്നെ qfd മലയാളികൾ കൂടുതൽ പരിഗണന നൽകും. ഇപ്പോൾ ഉള്ള ടീമിൽ കൂടുതലും 20 വയസ്സിന് താഴെയുള്ളവരാണ് “ടീം സിഇഒ ഷബീർ മണ്ണാരിൽ പറഞ്ഞു.
“പുതിയതായി ഒരു ടീമിനെ വളർത്തി കൊണ്ടു വരികയാണ്. പൊടുന്നനെയുള്ള നേട്ടമല്ല മറിച്ച് സ്വാഭാവിക വളർച്ചയാണ് ലക്ഷ്യമിടുന്നത്. 2022-23 ഓടെ ടീം മികച്ച നിലയിലെത്തും എന്നാണ് കണക്കാക്കുന്നത്” ഷബീർ മണ്ണാരിൽ വ്യക്തമാക്കി. ഗോകുലം കേരള എഫ്സി യുടെയും കേരള ബ്ലാസ്റ്റേഴ്സ് എൻറെയും മുൻ താരം മലപ്പുറം തൃക്കലങ്ങോട് സ്വദേശി അർജുൻ ജയരാജ് ആണ് ക്യാപ്റ്റൻ. ഷാജറുദ്ദീൻ കോപ്പിലാൻ പരിശീലകനും. കോവിഡ് നിബന്ധനകൾക്ക് ഇളവ് വന്നാൽ വിദേശ കോച്ചും എത്തും.
മിസോറാം താരങ്ങളായ ലാൽ താൻ കുമ, ഇസാഖ് വാൻ ലാൽ പേക, ചത്തിസ് ഗഡ് താരം സുരേഷ് കുമാർ, വിദേശ താരമായ ഖാനയിലെ സ്റ്റീഫൻ അബീക്കു, ബ്ലാസ്റ്റേഴ്സ് താരം ഋഷി ദത്ത് , മുൻ ഹൈദരാബാദ് എഫ്സി താരം ഫഹീം അലി, മുഹമ്മദ് ഷഫീർ, ബുജൈർ എന്നിവരെല്ലാം ടീമിൻ്റെ ഭാഗം ആണ്.പുതിയ ടീമിനൊപ്പം ചേരാൻ സാധിച്ചത് ഏറെ പ്രതീക്ഷയോടെ ആണെന്ന് അർജുൻ ജയരാജ് പറഞ്ഞു.
പുനർ നിർമ്മാണത്തിലൂടെ ഫ്ലഡ്ലൈറ്റ് സൗകര്യങ്ങൾ അടക്കം ഒരുക്കിയ എടവണ്ണ സീതിഹാജി സ്റ്റേഡിയമാണ് ടീമിൻറെ ഹോം ഗ്രൗണ്ട്. ഹോൺബിൽ ( വേഴാമ്പൽ) ആണ് ലോഗോ. യൂണിറ്റ് വേൾഡ് ഗ്രൂപ്പിൻറെ മറ്റ് ക്ലബ്ബുകളുമയി ധാരണയോടെ ആണ് കേരള യുണൈറ്റഡ് എഫ്.സി മുന്നോട്ട് പോവുക. ഇവിടത്തെ മികച്ച കളിക്കാർക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ബെൽജിയം പ്രീമിയർ ലീഗിലും യുഎഇ ലീഗിലും ഒക്കെ കളിക്കാൻ അവസരം ലഭിക്കാൻ സാധ്യതയുമുണ്ട്. കേരളത്തിലെയും മലപ്പുറത്തെയും മികച്ച യുവതാരങ്ങൾക്ക് പുതിയ അവസരങ്ങളാണ് കേരള യൂനൈറ്റഡ് എഫ്സി തുറന്നിടുന്നത്.