ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ജഴ്സി സ്പോൺസർ സ്ഥാനത്തു നിന്ന് പ്രമുഖ സ്പോർട്സ് ബ്രാൻഡായ നൈക്കി പടിയിറങ്ങുന്നു. 14 വർഷം നീണ്ട ബന്ധത്തിനാണ് ഇതോടെ അന്ത്യമാകുന്നത്. വരുന്ന സെപ്തംബറിൽ കരാർ അവസാനിക്കും. കൊവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ നൈക്കിക്ക് കനത്ത നഷ്ടം സംഭവിച്ചു എന്നും അതുകൊണ്ടാണ് അവർ ബന്ധം ഉപേക്ഷിക്കുന്നതെന്നുമാണ് ബിസിസിഐ വക്താവ് പറയുന്നത്.
2016ലാണ് അവസാനമായി ബിസിസിഐ നൈക്കിയുമായി കരാർ പുതുക്കിയത്. 370 കോടി രൂപക്കായിരുന്നു നാലു വർഷത്തെ ഈ കരാർ. മാച്ച് ഫീ ആയി 85 ലക്ഷം രൂപയും റോയൽറ്റി തുകയായി 30 കോടി രൂപയും ഇക്കാലയളവിൽ നൈക്കി ബിസിസിഐക്ക് നൽകിപ്പോന്നിരുന്നു. കരാർ പ്രകാരം ഇന്ത്യൻ താരങ്ങൾക്കുള്ള ക്രിക്കറ്റ് ഗിയറുകളും മറ്റും ടീം ഇന്ത്യക്ക് നൈക്കി സൗജന്യമായി നൽകുകയും ചെയ്തിരുന്നു. കൊറോണ കാലത്ത് മത്സരങ്ങൾ നടക്കാതിരുന്നതിനാൽ കരാർ കാലാവധി നീട്ടി നൽകണമെന്ന് നൈക്കി ബിസിസിഐയോട് ആവശ്യപ്പെട്ടു. കൊറോണയുടെ പശ്ചാത്തലത്തിൽ കരാർ തുകയിൽ ഇളവ് നൽകണമെന്നും നൈക്കി ആവശ്യപ്പെട്ടു. എന്നാൽ, ബിസിസിഐ ഇതിനു വഴങ്ങിയില്ല. ഇതോടെയാണ് കരാർ അവസാനിപ്പിക്കാൻ നൈക്കി തീരുമാനിച്ചത്.
അതേസമയം, ഐപിഎലിലെ ചൈനീസ് കമ്പനികളുമായുള്ള സ്പോൺസർഷിപ്പ് സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാവുമെന്ന് ബിസിസിഐ അറിയിച്ചിരുന്നു. ഐപിഎലിൻ്റെ ടൈറ്റിൽ സ്പോൺസറായ വിവോയോടൊപ്പം, ഐപിഎല്ലിൻ്റെ സ്പോൺസർ പട്ടികയിൽ പെടുന്ന, ചൈനീസ് കമ്പനികളുമായി ബന്ധമുള്ള മറ്റ് കമ്പനികളെപ്പറ്റിയും തീരുമാനം ഉണ്ടാവും. ചൈനീസ് കമ്പനികൾക്ക് ഓഹരിയുള്ള പേടിഎം, ഡ്രീം ഇലവൻ തുടങ്ങിയ കമ്പനികളും ഐപിഎൽ സ്പോൺസേഴ്സ് പട്ടികയിൽ ഉണ്ട്. ഇന്ത്യയുടെ രാജ്യാന്തര ക്രിക്കറ്റിൻ്റെ മുഖ്യ സ്പോൺസർമാരാണ് പേടിഎം. അഞ്ച് വർഷത്തെ കരാറിൽ 326 കോടി രൂപയാണ് പേടിഎം മുടക്കിയിരിക്കുന്നത്.