അര നൂറ്റാണ്ടിലേറെക്കാലം കേരള രാഷ്ട്രീയത്തിന്റെ നെടുംതൂണായിരുന്ന കെഎംമാണിയുടെ ഓർമകൾക്ക് ഇന്ന് ഒരു വയസ്. ഏറ്റവും കൂടുതൽ കാലം മന്ത്രി എംഎൽഎ എന്നിങ്ങനെ സംസ്ഥാന രാഷ്ട്രീയത്തിലെ അപൂർവ റെക്കോർഡുകളുടെ ഉടമയായ കെഎം മാണി പ്രതിസന്ധികളെ തരണം ചെയ്യാൻ കാട്ടിയ മേയ് വഴക്കം എന്നും വേറിട്ടതായിരുന്നു.
കരിങ്ങോടയ്ക്കൽ മാണി മാണി എന്ന കെംഎം മാണിയെ രാഷ്ട്രീയ കേരളം അഭിസംഭോധന ചെയ്തത് ഈ വിളിപ്പേരുകൊണ്ടായിരുന്നു. കെഎം മാണി സമം പാലാ, പാലാ സമം കൊഎം മാണി എന്നതായിരുന്നു സമവാക്യം. ആ ആത്മബന്ധത്തിന്റെ തീവ്രത കേരള രാഷ്ട്രീയം കൂടുതൽ തിരിച്ചറിഞ്ഞത് മാണി സാർ വിടവാങ്ങിയതോടെയായിരുന്നു.
മാണി സാർ ഇല്ലാത്ത കേരള കോൺഗ്രസിനെ പാലാക്കാർ കൈവിട്ടു. മന്ത്രി എന്ന നിലയിൽ തന്റെ ഏറ്റവും വലിയ സാഫല്യമെന്ന് കെഎം മാണി തന്നെ പറഞ്ഞിട്ടുള്ളത് കാരുണ്യ ലോട്ടറി പദ്ധതി നടപ്പിലാക്കിയതിനെക്കുറിച്ചാണ്. 1979ൽ പികെ വാസുദേവൻ നയർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേട്ട പ്രധാന പേരുകളിൽ ഒന്നായിരുന്നു കെഎം മാണി.
എന്നാൽ, അത് നടന്നില്ല. സമകാലികരായ രാഷ്ട്രീയക്കാരിൽ മുഖ്യമന്ത്രി സ്ഥാനത്തിന് ഏറ്റവും അനുയോജ്യൻ എന്ന് ശത്രുക്കൾ പോലും അടക്കം പറഞ്ഞ നേതാവായിരുന്നു കെഎം മാണി. ഒരു പക്ഷേ മാണി സാറിന്റെ നടക്കാതെ പോയ ഏക സ്വപ്നവും അത് മാത്രമായിരിക്കും.