കോട്ടയം: പാലായിൽ ഇനി കെ എം മാണിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത ചടങ്ങിലാണ് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കെ എം മാണിയെ കുറിച്ച് വാചാലനായത്. കെ എം മാണി കേരള രാഷ്ട്രീയത്തിൽ സ്വന്തമായി ഇരിപ്പിടം കണ്ടെത്തിയ ആൾ ആണെന്ന്
ശ്രീരാമകൃഷ്ണൻ പറഞ്ഞു.
കെ എം മാണിയുടെ പ്രതിമ അനാച്ഛാദനം ചെയ്യാൻ കഴിഞ്ഞത് സുകൃതമായി കരുതുന്നു. ഇതൊരു ധന്യമായ നിമിഷം ആണ്. ഏറെ സന്തോഷവും അഭിമാനവും ഉണ്ട്. പ്രായമുള്ളവർ നിയമസഭയിൽ എത്തുന്നത് ഒരു ബാധ്യതയായി പലരും കാണാറുണ്ട്. എന്നാൽ ഇതൊരു സാധ്യതയായി തനിക്ക് കാണാൻ തോന്നിയത് കെ എം മാണി കാരണമാണ്. കെ എം മാണി എന്ന രാഷ്ട്രീയ നേതാവിൽ നിന്നു താൻ ഒരുപാട് പഠിച്ചു.
കെ എം മാണിക്ക് സ്വന്തമായി ഒരു ദർശനം ഉണ്ടായിരുന്നു എന്നും സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. തുടർന്ന് മാണിയുടെ ഓരോ ഗുണങ്ങളും സ്പീക്കർ വിശദീകരിച്ചു. ഇതിൽ ഏറ്റവും ഒന്നാമതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് വിനയമാണ്. താൻ മാണിയിൽ നിന്ന് വിനയം കണ്ട് പഠിച്ചിട്ടുണ്ട്. കെ എം മാണിയുടെ രണ്ടാമത്തെ ഗുണമായി ശ്രീരാമകൃഷ്ണൻ പറയുന്നത് സഹിഷ്ണുതയാണ്. നിയമസഭയിലെ സംഭവവികാസങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ശ്രീരാമകൃഷ്ണന്റെ പ്രസംഗം.
തോമസ് ഐസക് കെ എം മാണിയെ നിശിതമായി വിമർശിച്ചിരുന്നു. വിമർശനം പൂർത്തിയാകുമ്പോൾ കെ എം മാണി എഴുന്നേറ്റുനിന്ന് ഐസക് ഇനി എന്നെ ഒന്ന് അഭിനന്ദിക്കുക എന്നു പറയുമായിരുന്നു. സഹിഷ്ണുത ഉള്ളവർക്കാണ് ഇതിനു സാധിക്കുക എന്നും ശ്രീരാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
മടുപ്പ് ഇല്ലായ്മ ആണ് കെ എം മാണിയുടെ മൂന്നാമത്തെ ഗുണമായി ശ്രീരാമകൃഷ്ണൻ പറയുന്നത്. രാഷ്ട്രീയത്തിൽ തുടർച്ചയായി ഇത്രയധികം കാര്യങ്ങൾ ചെയ്യാൻ കഴിയുന്നത് മടുപ്പ് ഇല്ലായ്മക്ക് ഉദാഹരണമായി അദ്ദേഹം പറയുന്നു. രാഷ്ട്രീയക്കാർ ഇത് കണ്ടു പഠിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. മറ്റുള്ളവരെ കേൾക്കാൻ ഉള്ള മനസ് ആണ് നാലാമത്തെ ഉദാഹരണം. കെ എം മാണി എല്ലാ കാലത്തും നല്ലൊരു കേൾവിക്കാരൻ ആയിരുന്നുവെന്ന് ശ്രീരാമകൃഷ്ണൻ അനുസ്മരിച്ചു.
യൂത്ത് ഫ്രണ്ടും കെ എം മാണി ഫൗണ്ടേഷനും ചേർന്നാണ് പാല കൊട്ടാരമുറ്റം ബസ്റ്റാൻഡിന് മുന്നിൽ കെ എം മാണിയുടെ പ്രതിമ സ്ഥാപിച്ചത്. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പ്രതിമ അനാച്ഛാദനം ചെയ്തു. കെ എം മാണിയുടെ ഭാര്യ കുട്ടിയമ്മയും മകൻ ജോസ് കെ മാണി, കേരള കോൺഗ്രസ് നേതാക്കളായ റോഷി അഗസ്റ്റിൻ, എൻ ജയരാജ് തുടങ്ങി വലിയ നേതൃനിര അനാച്ഛാദന ചടങ്ങിന്റെ ഭാഗമായിരുന്നു.
അതേസമയം, മാണിക്കെതിരായ നിയമസഭയിലെ പ്രക്ഷോഭത്തിൽ കസേര തള്ളിയിട്ട ശ്രീരാമകൃഷ്ണൻ തന്നെ പ്രതിമ ഉദ്ഘാടനത്തിനെത്തിയത് പ്രതിപക്ഷം ആയുധമാക്കിയിട്ടുണ്ട്. പ്രതിമ സ്റ്റേജിൽ നിന്ന് തള്ളി താഴെയിട്ട് ഉദ്ഘാടനം ചെയ്യും എന്നാണ് വി ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്.
നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കാൻ കെ എം മാണി എത്തിയപ്പോൾ അന്ന് പ്രതിപക്ഷത്ത് ഉണ്ടായിരുന്ന എം എൽ എ ആയിരുന്നു പി ശ്രീരാമകൃഷ്ണൻ. അന്ന് നിയമസഭയിലെ ഇരിപ്പിടം ശ്രീരാമകൃഷ്ണൻ ഉൾപ്പെടെ ഉള്ളവർ തകർക്കുന്നത് വലിയ വാർത്തയായിരുന്നു. അതേ ആൾ തന്നെ മാണിയുടെ പ്രതിമ അനാച്ഛാദനം ചെയ്യാൻ എത്തി എന്നതാണ് പ്രതിപക്ഷം ആയുധമാക്കുന്നത്. സോഷ്യൽമീഡിയയിലും ഈ വിഷയം ഇതിനകം ചർച്ചയായിട്ടുണ്ട്.
തിരുവനന്തപുരത്ത് മാണിയുടെ പ്രതിമ സ്ഥാപിക്കണമെന്ന് ജോസ് കെ മാണി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. പാലാ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കാളികളായി.