തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് എടുത്ത നടപടി ഗൗരവമുള്ളതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സി.ബി.ഐ അന്വേഷണത്തിന്റെ പരിധിയിൽ മുഖ്യമന്ത്രിയും വരാൻ പോകുകയാണ്. ഇതുപോലെ ജീർണത ഒരു രാഷ്ട്രീയ പാർട്ടിക്കും ഉണ്ടായിട്ടില്ല. വിജിലൻസ് തദ്ദേശ വകുപ്പിലെ ഫയലുകൾ എടുത്തത് ദുരൂഹമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
ആത്മാഭിമാനം ഉണ്ടെങ്കിൽ സി പി എം സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയുടെ തടവറയിൽ നിന്ന് പുറത്തു വരണം. മുഖ്യമന്ത്രിയും സി പി എം സംസ്ഥാന സെക്രട്ടറിയും വ്യവസായ മന്ത്രിയും അവരുടെ ബന്ധുക്കളുമാണ് ഭരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ദാസൻമാരായ ഉദ്യോഗസ്ഥരെ കൊണ്ടാണ് ലൈഫ് മിഷൻ ആരോപണത്തിൽ വിജിലൻസ് അന്വേഷണം നടത്തിയത്. സിബിഐ വരുമെന്ന് അറിഞ്ഞാണ് വിജിലൻസിനെ കൊണ്ട് സെക്രട്ടേറിയറ്റിൽ നിന്ന് ഫയലുകൾ മാറ്റിയത്. നാടിനോടുള്ള കൂറുള്ള ഉദ്യോഗസ്ഥർ അന്വേഷിച്ചാൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വ്യവസായ മന്ത്രിയും ജയിലിൽ പോകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.