പശ്ചിമ ബംഗാളിൽ കോൺഗ്രസ് – ഇടത് സഖ്യം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടാൻ ഇരു പാർട്ടികളും തീരുമാനിച്ചു. കോൺഗ്രസ്സിന്റെയും സിപിഐഎമ്മിന്റെയും സംസ്ഥാന നേതൃത്വങ്ങൾ ആണ് ഇത് സംബന്ധിച്ച ധാരണയിലെത്തിയത്.
പശ്ചിമബംഗാളിലെ ശേഷിക്കുന്ന രാഷ്ട്രീയ സാധ്യത ഒരുമിച്ച് നിൽക്കുന്നിടത്ത് മാത്രമാണെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് സിപിഐഎം – കോൺഗ്രസ് സംസ്ഥാന നേതൃത്വങ്ങൾ. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് നിന്നില്ലെങ്കിൽ രണ്ട് പാർട്ടികളും അപ്രസക്തമാകും എന്നാണ് ഇരു പാർട്ടികളുടെയും സംസ്ഥാന നേതൃത്വങ്ങളുടെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ഒരുമിച്ച് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ഇരു പാർട്ടികളും തീരുമാനിച്ചു.
ദേശീയ നേതൃത്വങ്ങളുടെ എതിപ്പ് ഉണ്ടെങ്കിലും അത് അവഗണിച്ചാണ് മുന്നോട്ട് പോകാനുള്ള തിരുമാനം. പൊതുമിനിമം പരിപാടി രൂപീകരിച്ച് അതിന്റെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പിനെ നേരിടുക. ഇന്ന് വൈകിട്ട് കൊൽക്കത്തയിൽ സഖ്യ രൂപീകരണ നീക്കം പരസ്യമാക്കി ഇരു പാർട്ടി നേതാക്കളും കൂടിക്കാഴ്ച നടത്തും. സിപിഐഎമ്മിനൊപ്പം മറ്റ് ഇടത് സംഘടനകളും കൂടിക്കാഴ്ചയുടെ ഭാഗമാകുന്നുണ്ട്. പൊതുമിനിമം പരിപാടി പ്രഖ്യാപിച്ച് സീറ്റ് ധാരണ അടക്കം നേരത്തെ രൂപപ്പെടുത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് തിരുമാനം.