പെരുമ്പാവൂരിൽ നിന്നാണ് കണ്ണിൽ നനവുപടർത്തുന്ന ഈ സദ് വാർത്ത.
പെരുമ്പാവൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഗേൾസ് ഹൈസ്കൂളിനു സമീപം പുതുതായി സ്ഥാപിക്കുന്ന ട്രാൻസ്ഫോർമറിന്റെ ജോലിയുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയതായിരുന്നു ലൈൻമാനായ ഷിജു പി. ഗോപി.
പെട്ടെന്നാണ് ഒരു കാക്ക, ലൈനിൽ നിന്ന് ഷോക്കേറ്റ് തറയിൽ വീണ് പിടയുന്നത് ഷിജുവിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഒരു ജീവനും നിസ്സാരമല്ലെന്ന ചിന്ത, സഹതാപത്തോടെ കാഴ്ചക്കാരനായി നോക്കി നിൽക്കാൻ ആ യുവാവിനെ അനുവദിച്ചില്ല. കെ എസ് ഇ ബിയുടെ സുരക്ഷാ ക്ലാസ്സുകളിൽ നിന്ന് കിട്ടിയ, ഒരാൾ ഷോക്കേറ്റ് അബോധാവസ്ഥയിലായാൽ സി പി ആർ നൽകണമെന്ന അറിവും തുണയായി. ഷോക്കേറ്റ് വീണുകിടന്ന, അനക്കമില്ലാത്ത കാക്കയെ കയ്യിലെടുത്ത ഷിജു അതിന്റെ വായിലൂടെ ഊതുകയും ശരീരത്തിൽ അമർത്തുകയും വിടുകയും ചെയ്തുകൊണ്ട് ഹൃദയമിടിപ്പ് പുന:സ്ഥാപിക്കാനുള്ള പ്രയത്നമാരംഭിച്ചു. അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു. ആ കാക്ക പതിയെപ്പതിയെ ജീവനിലേക്ക് മടങ്ങിവന്നു.
ഷിജുവിനിത് ചാരിതാർഥ്യത്തിന്റെ ആദ്യാനുഭവമല്ല. കഴിഞ്ഞ വർഷം പെരിയാർവാലി കനാലിൽ ഒരു അമ്മയുടേയും കുഞ്ഞിന്റേയും ജീവൻ തിരികെ നൽകി ഷിജു വാർത്തകളിലിടം നേടിയിരുന്നു.
കെട്ടുപോയേക്കുമായിരുന്ന ഒരു പ്രാണന്റെ നാളം വീണ്ടെടുത്ത് തിരികെ നൽക്കുക വഴി ഷിജു പി ഗോപി എന്ന യുവാവ് കെ എസ് ഇ ബിക്കും നമ്മുടെ സമൂഹത്തിനും അഭിമാനവും മാതൃകയുമാകുന്നു.