രാജ്യത്തെ ടോള്‍പ്ലാസകളിൽ ഫാസ്ടാഗ് ലൈനിൽ ടോൾ പിരിക്കുന്നതിന് 2008 ലെ ദേശീയപാതാ ഫീസ് (നിരക്ക് നിശ്ചയിക്കലും പിരിക്കലും) നിയമം ഭേദഗതി ചെയ്തിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഫാസ്ടാഗ് ലൈനില്‍ പ്രവേശിക്കുന്ന വാഹനങ്ങൾക്ക് സാധുവായതും പ്രവര്‍ത്തനക്ഷമവുമായ ഫാസ്ടാഗ് നിർബന്ധമായും ഉണ്ടായിരിക്കണം. ഇല്ലാതെ പ്രവേശിക്കുന്ന വാഹനങ്ങളില്‍ നിന്ന് അവയുടെ ഇനം അനുസരിച്ച് സാധാരണ ബാധകമായ ടോള്‍ നിരക്കിന്റെ ഇരട്ടി ഈടാക്കും. ഇതിനായി നിലവിലെ നിയമം ഭേദഗതി ചെയ്ത് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ഭേദഗതിക്കു മുമ്പ് ഫാസ്ടാഗ് ഇല്ലാതെ ഫാസ്ടാഗ് ലെനില്‍ പ്രവേശിക്കുന്ന വാഹനങ്ങള്‍ മാത്രമാണ് പിഴ അടക്കേണ്ടിയിരുന്നത്. ഇനി ഫാസ്ടാഗ് ഉണ്ടായിരുന്നിട്ട് മാത്രം കാര്യമില്ല, അത് പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പു വരുത്തുകയും വേണം. ഇല്ലെങ്കിൽ കീശ ചോരും.