വനിതാ ജൻധൻ അക്കൗണ്ടുള്ളവർക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിലെ രണ്ടാം ഗഡുവായ 500 രൂപ ഇന്നുമുതൽ വിതരണം ചെയ്യും. കേന്ദ്ര ഫിനാൻഷ്യൽ സർവീസ് സെക്രട്ടറി ദൊബാഷിഷ് പാണ്ഡെ അറിയിച്ചതാണ് ഇക്കാര്യം. എല്ലാ വനിതാ ഗുണഭോക്താക്കൾക്കും മൂന്ന് ഗഡുക്കളായാണ് ഈ തുക നൽകുന്നത്. ആദ്യ ഗഡു ഏപ്രിൽ ആദ്യ വാരം വിതരണം ചെയ്തിരുന്നു. ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഏപ്രിൽ മുതൽ മൂന്നു മാസത്തേക്ക് വനിതാ ജൻധൻ ഗുണഭോക്താക്കൾക്ക് 500 രൂപ വീതം മൂന്നു മാസത്തേക്ക് നൽകാൻ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്.
പ്രധാൻ മന്ത്രി ഗരീബ് കല്യാൺ പാക്കേജിന് കീഴിലുള്ള പി.എം.ജെ.ഡി വനിതാ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലാണ് തുക നിക്ഷേപിക്കുക. തിരക്ക് ഒഴിവാക്കാൻ അക്കൗണ്ട് നമ്പറിെൻറ അവസാന അക്കം അനുസരിച്ച് അഞ്ച് ദിവസങ്ങളിലായാണ് ബാങ്കുകൾ തുക നൽകുക. ആവശ്യമുള്ളവർക്ക് എ.ടി.എമ്മുകളെയും സമീപിക്കാമെന്ന് ദേബാഷിഷ് പാണ്ഡ ട്വീറ്റിൽ പറഞ്ഞു.
തുക കൈപ്പറ്റുന്നതിനായി പ്രത്യേക ക്രമീകരണം
തുക കൈപ്പറ്റുന്നതിനായി 0, 1 നമ്പറുകളിൽ അവസാനിക്കുന്ന അക്കൗണ്ട് ഉള്ളവരാണ് മെയ് 4ന് ബാങ്കിൽ എത്തേണ്ടത്. 2, 3 നമ്പറുകൾ മെയ് 5നും 4, 5 നമ്പറുകൾ ഉള്ളവർ മെയ് 6നും എത്തണം. മെയ് 8ന് 6, 7 നമ്പറുകാർക്കും മെയ് 11ന് 8, 9 നമ്പറുകളിൽ അവസാനിക്കുന്നവർക്കും ബാങ്കുകളിൽ എത്തി പണം പിൻവലിക്കാം. ഏപ്രിൽ മാസത്തിൽ പദ്ധതിയുടെ ആദ്യ ഗഡു 20 കോടി സ്ത്രീകൾക്കാണ് ലഭിച്ചത്.
ധനസഹായം എല്ലാവരിലേക്കും എത്തുക്കുന്നതിനായി നിഷ്ക്രിയമായി കിടന്നിരുന്ന അക്കൗണ്ടുകള്‍ വീണ്ടും പ്രവര്‍ത്തനസജ്ജമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ ബാങ്കുകൾക്കും നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു. പണം പിന്‍വലിക്കാനായി ആളുകള്‍ കൂട്ടത്തോടെ ബാങ്കുകളില്‍ വരരുതെന്ന് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന് നേരത്തെ തന്നെ അറിയിച്ചിരുന്നു.