ലോക്ക്ഡൗണ്‍ കഴിഞ്ഞാലും രാജ്യത്ത പൊതുഗതാഗത സംവിധാനം മെയ് 15 മുതല്‍ ആരംഭിക്കാന്‍ സാധ്യത. ഇത് സംബന്ധിച്ച അന്തിമ തീരുമാനം പ്രധാനമന്ത്രിയ്ക്ക് വിട്ടു. കേന്ദ്ര മന്ത്രിസഭാ സമിതിയാണ് തീരുമാനമെടുത്തത്. 40 ദിവസം നീണ്ട അടച്ചിടല്‍ മെയ് മൂന്നിന് അവസാനിച്ചാലും മെയ് 15 ഓടുകൂടി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാമെന്ന നിര്‍ദേശമാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ സമിതിയുടെ യോഗത്തില്‍ ഉയര്‍ന്നത്.
വിമാന സർവീസുകൾക്ക് അനുമതി നൽകി കൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവ് വരുന്നത് വരെ ടിക്കറ്റ് ബുക്കിങ്ങ് തുടങ്ങരുതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു. വിമാന സർവീസ് തുടങ്ങാൻ തീരുമാനിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. എയർ ഇന്ത്യ വിമാന ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതിന് പിന്നാലെയായിരുന്നു കേന്ദ്ര സർക്കാർ നടപടി.
ജൂൺ 1 തൊട്ടുള്ള അന്താരാഷ്ട്ര സർവീസുകളുടെയും ബുക്കിങ് എയർ ഇന്ത്യ ആരംഭിച്ചിരുന്നു. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതോടെ ജൂൺ 1 ന് ശേഷം നാട്ടിലേക്ക് വരാമെന്ന പ്രതീക്ഷയിയിലായിരുന്നു പ്രാവാസികൾ ഉൾപ്പെടെയുള്ളവർ. എന്നാൽ പുതിയ തീരുമാനത്തോടെ ലോക്ക് ഡൗൺ കഴിഞ്ഞാലും ടിക്കറ്റ് ബുക്കിങ്ങിന് കേന്ദ്ര സർക്കാർ നിർദ്ദേശം കാത്തിരിക്കേണ്ട അവസ്ഥയിലാണ് വിമാന കമ്പനികൾ.