മാർച്ച് 25നും മെയ് 3നും ഇടയിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത മുഴുവൻ യാത്രക്കാർക്കും മുഴുവൻ തുകയും റീ ഫണ്ട് നൽകണമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് മൂലം ലോക്ക്ഡൗൺ മെയ് 3 വരെ നീട്ടിയ സാഹചര്യത്തിലാണിത്. ആദ്യ ഘട്ട ലോക്ക്ഡൗണിനിടയിൽ ഏപ്രിൽ 15നും മെയ് 3നും ഇടയ്ക്കുള്ള സമയത്ത് വിമാന ടിക്കറ്റ് ബുക്ക് ചെയ്തവർക്കും ഈ ആനുകൂല്യം ലഭിക്കും.
ഈ കാലയളവിൽ ആഭ്യന്തര, അന്തർദ്ദേശീയ വിമാന യാത്രകൾക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ, ഈ ടിക്കറ്റ് ക്യാൻസൽ ചെയ്യുമ്പോൾ മുഴുവൻ തുകയും ഉപഭോക്തതാവിനു തിരികെ ലഭിക്കും. റദ്ദാക്കൽ ചാർജ് ഈടാക്കാതെ തന്നെ മുഴുവൻ തുകയും തിരികെ നൽകുമെന്ന് ഡൽഹിയിൽ വ്യോമയാന മന്ത്രാലയം അറിയിച്ചു.
റദ്ദാക്കുന്ന ഫ്ലൈറ്റ് ടിക്കറ്റുകൾക്ക് ഉപഭോക്താക്കൾക്ക് പണം തിരികെ നൽകേണ്ടതില്ലെന്നാണ് വിമാന കമ്പനികൾ തീരുമാനിച്ചിരുന്നത്. പകരം ടിക്കറ്റ് അധിക ഫീസില്ലാതെ മറ്റൊരു ദിവസത്തേയ്ക്ക് വാഗ്ദാനം ചെയ്യാനായിരുന്നു കമ്പനികളുടെ തീരുമാനം. എന്നാൽ പ്രവാസികളുടെ പരാതിയെ തുടർന്നാണ് പുതിയ നീക്കം.