ന്യൂഡല്‍ഹി: ഒരു രാജ്യത്തലവന് മറ്റൊരു രാജ്യത്തലവനെ പരസ്യമായി ഭീഷണിപ്പെടുത്തന്നത് ആദ്യമായിട്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കൊവിഡ് 19നെതിരായ മരുന്ന് അമേരിക്കയിലേക്ക് കയറ്റിയയച്ചില്ലെങ്കില്‍ തക്കതായ തിരിച്ചടിയുണ്ടാകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി ചൂണ്ടിക്കാട്ടിയാണ് ശശി തരൂരിന്റെ പ്രതികരണം. മാർച്ച് 25നാണ് ഹൈഡ്രോക്സിക്ലോറോക്വിൻ അടക്കം 24 മരുന്നുകൾ കയറ്റുമതി ചെയ്യുന്നതിൽ ഇന്ത്യ നിയന്ത്രണമേർപ്പെടുത്തിയത്. ഇന്ത്യയുടെ ഈ തീരുമാനത്തോടുള്ള പ്രതികരണമായാണ് ട്രംപ് പരസ്യ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
‘ഒരു രാജ്യത്തലവന് മറ്റൊരു രാജ്യത്തലവനെ ഇങ്ങനെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് എന്റെ ജീവിതത്തില്‍ ആദ്യത്തെ അനുഭവമാണ്. ഇന്ത്യയുടെ ഹൈഡ്രോക്സിക്ലോറോക്വിന്‍ എങ്ങിനെയാണ് നിങ്ങളുടേതാകുന്നത് മിസ്റ്റര്‍ പ്രസിഡന്റ്. ഇന്ത്യ അത് നിങ്ങള്‍ക്ക് വില്ക്കാന് തീരുമാനിച്ചാല്‍ മാത്രമേ അത് നിങ്ങളുടേത് ആകുന്നുള്ളു’- തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍ ട്രംപ് ഭീഷണിപ്പെടുത്തി മണിക്കൂറുകള്‍ക്കകം മരുന്ന് കയറ്റുമതി നിരോധനത്തില്‍ ഇന്ത്യ ഇളവു വരുത്തിയിരുന്നു. കൊവിഡ് ബാധ രൂക്ഷമായ രാജ്യങ്ങളിലേക്കും മരുന്നിന് ഇന്ത്യയെ ആശ്രയിക്കുന്ന അയല്‍ രാജ്യങ്ങളിലേക്കും ഹൈഡ്രോക്സിക്ലോറോക്വിനും പാരസെറ്റമോളും അടക്കമുള്ള മരുന്നുകള്‍ കയറ്റി അയക്കുമെന്ന് ഇന്ത്യ അറിയിക്കുകയായിരുന്നു.