കോവിഡ് പടരുന്നതിനിടെ ജോർദ്ദാനിൽ കുടുങ്ങി നടൻ പൃത്ഥ്വിരാജും സംവിധായകൻ ബ്ലെസിയും ഉൾപ്പെട്ട സംഘം. ‘ആടുജീവിതം’ എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് ഇവർ ജോർദ്ദാനിൽ എത്തിയത്. ജോർജാനിലെ വദിറം എന്ന സംഥലത്തെ മരുഭൂമിയിലാണ് ഇവർ കുടുങ്ങിയത്.
58 പേർ അടങ്ങുന്ന സംഘം ഒരു മാസം മുൻപാണ് ചിത്രീകരണത്തിനായി ജോർദ്ദാനിലെത്തിയത്. കോവിഡ് ബാധയെ തുടർന്ന് ചിത്രീകരണം നിർത്തിവയ്ക്കാൻ ജോർദ്ദാൻ ഭരണകൂടം ആവശ്യപ്പെട്ടെന്ന്അണിയറ പ്രവർത്തകരിൽ ഒരാൾ News18 നോട് പറഞ്ഞു.
നിലവിൽ ഒരാഴ്ചത്തേക്കുള്ള ആഹാരം മാത്രമെ സെറ്റിലുള്ളൂ. നാട്ടിലേക്ക് എത്താൻ സഹായം തേടി വിദേശകാര്യ മന്ത്രാലയത്തെ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ജോർദാനിൽ കർഫ്യൂ പ്രഖ്യാപിച്ച അവസ്ഥയാണ്.
സംഘത്തോട് ഉടൻ രാജ്യം വിടണമെന്നും ജോർദ്ദാൻ ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് വിവരം. നാല് ദിവസം മുൻപാണ് ചിത്രീകരണം നിർത്തിയത്. ഏപ്രിൽ എട്ടിനുള്ളിൽ ഇവരുടെ വിസ കാലാവധി അവസാനിക്കുകയും ചെയ്യും. അതിനാൽ സിനിമാ പ്രവർത്തകരെ തിരികെയെത്തിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിനിമാസംഘവും ഫിലിം ചേംബറും സംസ്ഥാന, കേന്ദ്രസർക്കാരുകൾക്ക് കത്ത് നൽകി.
നിലവിൽ ജോർദാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനസർവീസുകൾ പൂർണമായും നിർത്തിവച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വിമാനങ്ങളുടെ സർവീസ് ഇന്ത്യയും നിർത്തിയിട്ടുണ്ട്. ലോക്ക് ഡൗൺ തുടരുന്നതിനാൽ ഏപ്രിൽ 14 ന് മുൻപ് ഇവരെ മടക്കിയെത്തിക്കാൻ സാധിക്കുമോയെന്നും സംശയമുണ്ട്.
എന്നാൽ ജോർദാനിൽത്തന്നെ സുരക്ഷിതമായ ഒരിടത്തേയ്ക്ക് സിനിമാസംഘത്തെ മാറ്റാനുള്ള നടപടി കേന്ദ്രസർക്കാർ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഫിലിം ചേംബർ.
ബെന്യാമിന്റെ നോവലായ ആടുജീവിതത്തിലെ കേന്ദ്ര കഥാപാത്രമായ നജീബ് ആയി മാറാൻ പൃത്ഥ്വിരാജ് ശരീരം ഭാരം കുറയ്ക്കുന്നത് ഉൾപ്പെടെ വൻതയാറെടുപ്പുകളാണ് നടത്തിയിരുന്നു.