രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്. കൊച്ചിയില്‍ പെട്രോള്‍ വില 18 പൈസ കുറഞ്ഞ് 91 രൂപ 15 പൈസയായി. ഡീസല്‍ വില 17 പൈസ കുറഞ്ഞ് 85 രൂപ 74 പൈസയായി. റെക്കോര്‍ഡ് വില പിന്നിട്ടശേഷം ആദ്യമായാണ് രാജ്യത്ത് ഇന്ധന വില കുറയുന്നത്.
ജനുവരി, ഫെബ്രുവരി മാസങ്ങളിലായി രാജ്യത്ത് ഇന്ധനവില തുടര്‍ച്ചയായി ഉയരുന്ന സാഹചര്യം ഉണ്ടായിരുന്നു. രാജ്യത്ത് ഇന്ധന വില റെക്കോര്‍ഡ് നിരക്കില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ 25 ദിവസമായി പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ വര്‍ധനവ് ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്ന് പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ നേരിയ കുറവ് ഉണ്ടായിരിക്കുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് ആഭ്യന്തര വിപണിയിലും വില കുറയ്ക്കാന്‍ എണ്ണ കമ്പനികള്‍ തയാറായത്. കഴിഞ്ഞ 14 ദിവസങ്ങളിലായി ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില താഴ്ന്നിരുന്നു. ബാരലിന് 70 ഡോളറില്‍ നിന്നും 63 ഡോളറായി ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞിരുന്നു.
അതേസമയം, അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ അടക്കം ഇന്ധനവില കയറ്റം വന്‍ ചര്‍ച്ചയായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം ഇന്ധനവില വര്‍ധനവിന് എതിരെ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിലയില്‍ നേരിയ കുറവ് വരുത്തിയിരിക്കുന്നത്.