ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി. ഫെബ്രുവരി 28 വരെ അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടിയതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വ്യാഴാഴ്ച അറിയിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ പുതിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിലവിലുണ്ടായിരുന്ന ഉത്തരവ് പ്രകാരം നവംബര്‍ 30വരെയായിരുന്നു സര്‍വീസുകള്‍ക്ക് വിലക്കുണ്ടായിരുന്നത്. നിലവില്‍ വിമാന സര്‍വീസുമായി ബന്ധപ്പെട്ട് 24 രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ധാരണയുണ്ട്.
കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അയല്‍രാജ്യങ്ങളുമായി നിലനില്‍ക്കുന്ന വ്യാപാര കരാറുകള്‍ക്ക് അനുസൃതമായി അതിര്‍ത്തി കടന്നുള്ള യാത്രകളും പുതിയ മാനദണ്ഡപ്രകാരം അനുവദിക്കുന്നുണ്ടെന്നും മറ്റു രാജ്യങ്ങളിലേക്കുള്ള സർവീസിന്റെ കാര്യം പിന്നീട് അറിയിക്കുമെന്നുമാണ് പറഞ്ഞിരുന്നത്. എന്നാൽ ഡിജിസിഎയുടെ പത്രകുറിപ്പ് വന്നതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത ആയത്.
സിനിമാ തിയേറ്ററുകളില്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കാം, കൊവിഡ് നിബന്ധനകള്‍ക്ക് വിധേയമായി സ്വിമ്മിംഗ് പൂളുകളിലും ആളുകളെ പ്രവേശിപ്പിക്കാം തുടങ്ങിയവ ഉൾപ്പടെ കൂടുതൽ ഇളവുകളാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. സംസ്ഥാനങ്ങള്‍ക്ക് അകത്തും പുറത്തും ആളുകള്‍ക്കും ചരക്ക് ഗതാഗതത്തിനും നിയന്ത്രണങ്ങള്‍ ഉണ്ടാവില്ല. മതപരവും സാമൂഹികവും വിദ്യാഭ്യാസപരവും സാംസ്കാരികവും കായികവും വിനോദപരവുമായ പരിപാടികള്‍ക്ക് ഹാളിന്റെ ശേഷിയുടെ അമ്പത് ശതമാനം വരെ ആളുകളെ പ്രവേശിപ്പിക്കാം. അടച്ചിട്ട ഹാളുകളില്‍ 200 പേര്‍ക്കും പ്രവേശനം അനുവദിച്ചു. പുതിയ ഇളവുകൾ ഫെബ്രുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഉത്തരവിൽ പറയുന്നു.
സിനിമാശാലകളില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി എത്ര പേരെ പ്രവേശിപ്പിക്കാമെന്നുള്ളത് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം അറിയിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കണ്ടെൻമെന്റ് സോണുകളിലും ഹോട്ട് സ്പോട്ടുകളിലും നിയന്ത്രണങ്ങള്‍ തുടരും.അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് സിവില്‍ വ്യോമയാന മന്ത്രാലയവും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറഞ്ഞിരുന്നു.
ലോകത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ രോഗികളുടെ എണ്ണം ഇപ്പോൾ കുറയുകയാണ്. പ്രതിദിനം ശരാശരി 13,700 എന്ന കണക്കിനാണ് നിലവില്‍ ഇന്ത്യയിലെ പുതിയ കോവിഡ് രോഗികളുടെ എണ്ണം. സെപ്റ്റംബര്‍ 16ന് രേഖപ്പെടുത്തിയ 97,859 ആണ് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്. അതിന്റെ 15 ശതമാനത്തോളം മാത്രമാണ് ഇപ്പോഴത്തെ പ്രതിദിന എണ്ണം. ഒരാഴ്ചയ്ക്കിടെ 10 ലക്ഷത്തോളം പേര്‍ക്കാണ് രാജ്യത്ത് കോവിഡ് വാക്സിന് ലഭ്യമാക്കിയത്.