ഉത്തർപ്രദേശ് സർക്കാർ നിലകൊള്ളുന്നത് സ്ത്രീകളുടേയും പെൺകുട്ടികളുടേയും സുരക്ഷയും ആത്മാഭിമാനവും സംരക്ഷിക്കുന്നതിന് വേണ്ടിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്ത്രീകൾക്ക് നേരെ അതിക്രമം കാട്ടുന്നവർക്ക് മാതൃകാപരമായ ശിക്ഷ നൽകുമെന്നും യോഗി ട്വീറ്റ് ചെയ്തു.
”ഉത്തർപ്രദേശിൽ നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷക്കും ആത്മാഭിമാനത്തിനും ക്ഷതമേൽപ്പിക്കുമെന്ന് ചിന്തിക്കുന്നവർ പോലും നശിപ്പിക്കപ്പെടും. അവർക്ക് നൽകുന്ന ശിക്ഷ മറ്റുള്ളവർക്ക് മാതൃകയാകും. സ്ത്രീ സുരക്ഷക്കും ശാക്തീകരണത്തിനും യു. പി സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇതാണ് ഞങ്ങളുടെ പ്രതിജ്ഞ, ഇതാണ് ഞങ്ങളുടെ വാഗ്ദാനം”-യോഗി ട്വീറ്റ് ചെയ്തു.
ഹത്റാസ് സംഭവം ഉത്തർപ്രദേശ് സർക്കാരിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. ഉത്തർപ്രദേശിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമം വർധിക്കുന്നതിനിടെയാണ് അതിക്രൂരമായ സംഭവം പുറംലോകമറിഞ്ഞത്. 19കാരിയായ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം നാക്ക് മുറിച്ച് ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ നാല് പേർ അറസ്റ്റിലായിട്ടുണ്ട്. സർക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് യോഗി ആദിത്യനാഥിന്റെ പ്രതികരണം.