ന്യൂഡൽഹി: കോവിഡ് മഹാമാരിക്കെതിരെ രാജ്യത്ത് ആദ്യമായി വികസിപ്പിച്ചെടുത്ത പ്രതിരോധ മരുന്ന് കോവാക്സിൻ ആദ്യമായി മനുഷ്യനിൽ പരീക്ഷിച്ചു. ഡല്‍ഹി എയിംസില്‍ 30 കാരനിലാണ് വാക്സിന് പരീക്ഷിച്ചതെന്ന് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. സഞ്ജയ് റായി പറഞ്ഞു.
രണ്ട് മണിക്കൂര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയതിന് ശേഷം വീട്ടിലേക്കയക്കുമെന്ന് എയിംസ് അധികൃതരെ ഉദ്ധരിച്ച് എഎൻഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഴ് ദിവസം ഇദ്ദേഹത്തെ നിരീക്ഷിക്കും. വാക്സിന് മനുഷ്യശരീരത്തില്‍ പ്രയോഗിക്കുന്നതിനാവശ്യമായ എല്ലാ ടെസ്റ്റുകളും നടത്തിയിട്ടുണ്ടെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.
കൊവാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ എയിംസ് എത്തിക്സ് കമ്മിറ്റി നേരത്തെ അനുമതി നൽകിയിരുന്നു. 3500ഓളം പേര് വാക്സിന് പരീക്ഷണത്തിന് സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിട്ടുണ്ടെന്നും സഞ്ജയ് റായി പറഞ്ഞു. ഇവരിൽ 22 കാര്യങ്ങളിൽ സ്ക്രീനിംഗ് നടക്കുകയാണ്. ഇവരുടെ റിപ്പോർട്ട് ലഭിച്ചാൽ കൂടുതൽ പേരിൽ പരീക്ഷണം നടത്താനാണ് തീരുമാനം.
മരുന്ന് പരീക്ഷിച്ച വ്യക്തിക്ക് ദിവസേനയുള്ള ആരോഗ്യനില എഴുതി സൂക്ഷിക്കുന്നതിന് ഹെൽത്ത് കാർഡ് നൽകിയിട്ടുണ്ട്. ദിനചര്യകൾ അതേപടി തുടരണമെന്നും നിർദേശിച്ചിട്ടുണ്ട്. ഒരാഴ്ചത്തേക്ക് ഡോക്ടർമാർ ദിവസവും ഇയാളുമായി ബന്ധപ്പെടും. ഒന്നും രണ്ടുംഘട്ട പരീക്ഷണങ്ങൾ 12 ഇടങ്ങളിൽ നടന്നുവരികയാണെന്ന് ഐസിഎംആർ അറിയിച്ചു. എയിംസ് പാറ്റ്നയിലും മറ്റുചിലയിടങ്ങളിലും ക്ലിനിക്കൽ പരീക്ഷണം നടന്നുവരികയാണ്.
പരീക്ഷണത്തിൽ ഭാഗമാകാൻ താൽപര്യമുള്ളവർ ctaiims.covid19@gmail.com എന്ന വിലാസത്തിൽ മെയിൽ ചെയ്യുകയോ 7428847499 എന്ന നമ്പറിൽ മെസേജ് അയക്കുകയോ ചെയ്യണം. ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡുമായി സഹകരിച്ചാണ് കൊവാക്സിന് വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഐസിഎംആര്‍ നടത്തുന്നത്.