കൊടുംകുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. കാൺപൂരിലേക്ക് വന്ന അകമ്പടി വാഹനം മറിഞ്ഞപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച വികാസ് ദുബെയ്ക്ക് നേരെ പൊലീസ് വെടിയുതിർത്തുകയായിരുന്നു. കാൺപൂർ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു.
ഇന്ന് രാവിലെയാണ് അപകടം നടന്നത്. ദുബെയുമായി വന്ന വാഹനത്തിന് അകമ്പടി വന്ന മൂന്ന് വാഹനങ്ങളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്. ഇതിനിടെ പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് വികാസ് ദുബെ രക്ഷപ്പെടുകയായിരുന്നു. ആത്മരക്ഷാർത്ഥമാണ് വികാസ് ദുബെയ്ക്ക് നേരെ വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്ത് നിന്ന് വെടിയൊച്ച കേട്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. അപടകത്തിൽ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഇൻസ്പെക്ടർക്കും രണ്ട് കോൺസ്റ്റബിൾമാർക്കും പരുക്കേറ്റിട്ടുണ്ട്.
നിരവധി കേസുകളിൽ പ്രതിയാണ് വികാസ് ദുബെ. ഇന്നലെയാണ് വികാസ് ദുബെയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച വികാസ് ദുബെയും കൂട്ടാളികളും നടത്തിയ വെടിവയ്പിൽ ഡിഎസ്പി ദേവേന്ദ്രകുമാർ മിശ്ര ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വികാസ് ദുബെയ്ക്ക് വേണ്ടിയുള്ള തെരച്ചിൽ വ്യാപകമാക്കിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിൽ നിന്ന് ഇയാൾ തലനാരിഴക്ക് രക്ഷപ്പെട്ടിരുന്നു. ഹരിയാനയിലെ ഫരീദാബാദിലെ ബാദ്കൽ ചൗക്ക് ഏരിയയിലെ ഒരു ഹോട്ടലിലാണ് ഇയാൾ ഒളിച്ച് താമസിച്ചിരുന്നത്. പൊലീസ് ഇവിടെ എത്തുന്നതിന് തൊട്ടുമുൻപ് ഇയാൾ കടന്നുകളയുകയായിരുന്നു. തുടർന്ന് മധ്യപ്രദേശിലെ ഉജ്ജയ്നിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.