ബിഹാറിൽ ജൂണ്‍ 15 ന് നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്ത 111 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ബിഹാറില്‍ സമൂഹവ്യാപനമുണ്ടായി എന്ന ഭീതിയിലേക്ക് നീങ്ങിയിരിക്കുകയാണ് കാര്യങ്ങള്‍. വിവാഹ പിറ്റേന്ന് മരിച്ച വരന്റെ സാമ്പിൾ ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ല.
ജൂൺ 15നായിരുന്നു ബിഹാറിലെ പാറ്റ്നയിൽ പലിഗഞ്ച് ബ്ലോക്ക് സ്വദേശിയായ യുവാവിന്റെ വിവാഹം. ഗുരുഗ്രാമിൽ എഞ്ചിനിയറായിരുന്നു യുവാവ്. വിവാഹത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വരന് നാട്ടിലെത്തിയത്. 350 തില്‍ അധികം പേരാണ് വിവാഹത്തിനെത്തിയിരുന്നത്. വിവാഹ ചടങ്ങിനിടെ യുവാവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും പാറ്റ്ന ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. വയറിളക്കത്തെ തുടർന്നാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയറിളക്കം കോവിഡ് 19 ന്റെ ലക്ഷണത്തില്‍ ഒന്നാണ്.
ഇതിന് പിന്നാലെ വിവാഹത്തിൽ പങ്കെടുത്ത കോവിഡ് സമാനമായ രോഗലക്ഷണങ്ങള്‍ പ്രകടമായി. അവരുടെ സാമ്പിള്‍ പരിശോധനയില്‍ ഫലം പോസിറ്റീവായിരുന്നു. പാട്ന ഡിസ്ട്രിക് മജിസ്ട്രേറ്റിന് വന്ന അജ്ഞാത ഫോണ്‍ കോളിനെ തുടര്‍ന്നാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. പക്ഷേ വിവാഹപിറ്റേന്ന് മരിച്ച വരന്റെ മരണാന്തര ചടങ്ങുകളെല്ലാം പൂര്‍ത്തിയായെങ്കിലും ഇതുവരെ യുവാവിന്റെ സ്രവം കോവിഡ് പരിശോധനയ്ക്ക് അയച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
വിവാഹ വേദിയിൽ നിന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം 15 ആയതോടെ പ്രദേശത്ത് പ്രത്യേക ക്യാമ്പ് ഒരുക്കുകയായിരുന്നു അധികൃതര്‍. ജൂണ്‍ 24 നും 26 നുമാണ് ക്യാമ്പ് ഒരുക്കിയിരുന്നത്. വിവാഹത്തിലും, തുടർന്ന് വരന്റെ മരണാനന്തര ചടങ്ങിലുമായി പങ്കെടുത്ത 400 ഓളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ സാമ്പിളുകൾ പരിശോധിച്ച് പോസിറ്റീവ് ഫലം വരുന്നവരെ നിലവിൽ ഐസൊലേറ്റ് ചെയ്യുകയാണ്.
വിവാഹത്തിന് 50 പേര്‍ക്ക് മാത്രമേ അനുമതിയുള്ളൂ എന്നിരിക്കേ ഇത്രയും പേര് വിവാഹത്തിനെത്തിയത് സംബന്ധിച്ച് ജില്ലാ ഭരണാധികാരി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മരണാനന്തര ചടങ്ങിന് പങ്കെടുക്കാന്‍ 20 പേര്‍ക്ക് മാത്രമാണ് അനുമതി.
ബിഹാറില്‍ 9744 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ കോവിഡ് ബാധിച്ച് 62 പേരാണ് സംസ്ഥാനത്ത് മരിച്ചിരിക്കുന്നത്.