ബംഗളൂരു: ഭർത്താവിനൊപ്പം കിടക്ക പങ്കിടാൻ നിർബന്ധിച്ച് ഭർത്താവ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി യുവതിയുടെ പരാതി. ബംഗളൂരുവിലാണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് നാഗരാജിനെതിരെ പൊലീസ് കേസെടുത്തു.
ഐടി ജീവനക്കാരായ നാഗരാജും ലളിതയും 2000 ഫെബ്രുവരിയിലാണ് വിവാഹം കഴിക്കുന്നത്. കർണൂൽ സ്വദേശികളായ ദമ്പതികൾ ആദ്യവർഷങ്ങളിൽ തികച്ചും സമാധാനപരമായാണ് ജിവിച്ചുവന്നത്. എന്നാൽ ലളിതയ്ക്ക് കുട്ടികൾ ഇല്ലാതെ വന്നതോടെ അസ്വാരസ്യങ്ങൾ തുടങ്ങി. ഭർത്താവും ഭർതൃമാതാവും ചേർന്ന് നിരന്തരമായി ലളിതയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാൻ തുടങ്ങിയെന്ന് പരാതിയിൽ പറയുന്നു.
ആദ്യമൊക്കെ പീഡനം പുറത്തുപറയാതെ സഹിക്കുകയായിരുന്നുവെന്ന് ലളിത പറയുന്നു. എന്നാൽ ദിവസങ്ങൾ കഴിയുംതോറും ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും പീഡനം സഹിക്കാവുന്നതിലും അപ്പുറമായി. തുടർന്ന് 2018ൽ ദേവനഹള്ളി പൊലീസ് സ്റ്റേഷനിൽ ലളിത പരാതി നൽകി. നാഗരാജിനെയും മാതാവിനെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച പൊലീസ് താക്കീത് നൽകി വിട്ടയച്ചു.
ഇതോടെ, സ്ഥിതി കൂടുതൽ വഷളായെന്ന് ലളിത പറയുന്നു. അതിനുശേഷം നാഗരാജ് സുഹൃത്തുക്കളെയും കൂട്ടി വീട്ടിലെത്താൻ തുടങ്ങി. സുഹൃത്തുക്കൾക്കൊപ്പം കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ട് നിരന്തരം പീഡനം തുടർന്നുവെന്നും പരാതിയിൽ പറയുന്നു. നാഗരാജിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ഇതിനെ തുടർന്ന് തന്നെ വീട്ടിൽ നിന്നും പുറത്താക്കിയെന്നും ലളിത ആരോപിക്കുന്നു.
ബംഗളരൂവിൽ തയ്യൽ ജോലികൾ ചെയ്താണ് ലളിത ഭക്ഷണത്തിന് വക കണ്ടെത്തുന്നത്. നാഗരാജിൽ നിന്ന് വധഭീഷണിയുണ്ടെന്നും ലളിത ദേവനഹള്ളി പൊലീസ് സ്റ്റേഷനിൽ രണ്ടാമത് നൽകിയ പരാതിയിൽ പറയുന്നു.