വിപുലമായ ജനസ്വാധീനമുള്ള കലയെ സാമൂഹ്യ പുരോഗതിക്കായി ഉപയോഗിക്കുന്ന ചലച്ചിത്രകാരൻമാരാണ് ചലച്ചിത്ര അവാർഡിലൂടെ അംഗീകരിക്കപ്പെട്ടതിൽ ഏറെയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2019 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകളും ജെ.സി ഡാനിയേൽ പുരസ്കാരവും സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കലാമൂല്യത്തിന്റെ കാര്യത്തിലും പ്രമേയത്തിലെ പുരോഗമന മൂല്യത്തിന്റെ കാര്യത്തിലും മികവുപുലർത്തിയ ചലച്ചിത്ര പ്രവർത്തകരെയാണ് ഇത്തവണയും ആദരിക്കുന്നത്. സ്ത്രീകളുടെ ചെറുത്തുനിൽപ്പും ആദിവാസികളുടെ പ്രശ്നങ്ങളും അവാർഡ് ലഭിച്ച സിനിമകളിൽപ്പെടുന്നു.
അരനൂറ്റാണ്ടുകാലം മലയാള സിനിമയുടെ കലാപരമായ പരിവർത്തനങ്ങൾക്കൊപ്പം സഞ്ചരിക്കുകയും ചലച്ചിത്രചരിത്രത്തിലെ നാഴികക്കല്ലുകളായ സിനിമകൾ സമ്മാനിക്കുകയും ചെയ്ത പ്രതിഭയാണ് ജെ.സി ഡാനിയേൽ പുരസ്കാരം നേടിയ ഹരിഹരനെന്ന് മുഖ്യമന്ത്രി പറഞ്ഞു. എം.ടി വാസുദേവൻ നായരുടെ 13 തിരക്കഥകൾക്കായി ഹരിഹരൻ ഒരുക്കിയ ചലച്ചിത്രാവിഷ്കാരങ്ങൾ മലയാളത്തിലെ മുഖ്യധാര സിനിമയെ പ്രമേയപരമായി നവീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചതായി അദ്ദേഹം പറഞ്ഞു.
അരനൂറ്റാണ്ടായി മലയാള സിനിമയുടെ കലാപരമായ വളർച്ചയ്്ക്ക് നിദാനമായ നിർണായക ഘടകങ്ങളിലൊന്നാണ് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ. പുതിയ പ്രമേയങ്ങളും ദൃശ്യപരിചരണരീതികൾ പരീക്ഷിക്കുന്നതിൽ ചലച്ചിത്രകാരൻമാർക്ക് പ്രചോദനവും ആത്മവിശ്വാസവും പകരാൻ അവാർഡുകൾക്ക് സുപ്രധാന പങ്കുവഹിക്കാനായതായും മുഖ്യമന്ത്രി പറഞ്ഞു.
ജെ.സി ഡാനിയേൽ പുരസ്കാരം ഹരിഹരന് വേണ്ടി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഏറ്റുവാങ്ങി. മറ്റു ചലച്ചിത്ര-രചനാ അവാർഡുകളും ചടങ്ങിൽ സമ്മാനിച്ചു. ഐ.എഫ്.എഫ്.കെയോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക തപാൽ സ്റ്റാമ്പിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.
വിവാദങ്ങളില്ലാതെ അർഹരെ അംഗീകരിക്കുന്ന പുരസ്കാരങ്ങളാണ് ചലച്ചിത്ര അവാർഡുകളെന്ന് ഉറപ്പാക്കാൻ സർക്കാരിന് കഴിഞ്ഞതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച സാംസ്കാരികമന്ത്രി എ.കെ. ബാലൻ പറഞ്ഞു. 2020 മുതൽ ടെലിവിഷൻ രംഗത്തും ജെ.സി ഡാനിയേൽ പുരസ്കാരത്തിന്റെ മാതൃകയിൽ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് നൽകാൻ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവുമായിരിക്കും അവാർഡ്. സാംസ്കാരിക രംഗത്ത് സമാനതകളില്ലാത്ത മുന്നേറ്റമാണ് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. പ്രതിസന്ധിയിലായ സിനിമാമേഖല ഉണരുകയാണ്. ഇതിനായി മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും നേതൃത്വത്തിൽ നടത്തിയ ഇടപെടലുകൾ സിനിമാമേഖല സ്വാഗതം ചെയ്തതായും അദ്ദേഹം പറഞ്ഞു.
മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോ ജോസ് പെല്ലിശ്ശേരിയും (ജെല്ലിക്കട്ട്), മികച്ച നടനുള്ള പുരസ്കാരം സുരാജ് വെഞ്ഞാറമൂടും (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി), നടിക്കുള്ള പുരസ്കാരം കനി കുസൃതിയും (ബിരിയാണി) ഏറ്റുവാങ്ങി. മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ലഭിച്ച വാസന്തിയുടെ സംവിധായകരായ ഷിനോസ് റഹ്മാൻ, സജാസ് റഹ്മാൻ, നിർമാതാവ് സിജു വിൽസൻ എന്നിവരും മറ്റു വിഭാഗങ്ങളിലെ ജേതാക്കളും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡി. സുരേഷ്കുമാർ, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, പോസ്റ്റ് മാസ്റ്റർ ജനറൽ കേരള മറിയാമ്മ തോമസ്, ജൂറി അധ്യക്ഷരായ മധു അമ്പാട്ട്, ഡോ: രാജകൃഷ്ണൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സാംസ്കാരിക സെക്രട്ടറി റാണി ജോർജ്, ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ ബീനാപോൾ, സെക്രട്ടറി സി. അജോയ് തുടങ്ങിയവർ സംബന്ധിച്ചു.