കൊച്ചി: സംസ്ഥാനത്ത് തിയറ്ററുകൾ തുറക്കുന്നത് വൈകും. നിർമ്മാതാക്കളും വിതരണക്കാരുമായി തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ തിയറ്ററുകളിലേക്ക് സിനിമ എത്തുന്നതിനെ കുറിച്ച് വ്യക്തതയില്ലെന്ന് തിയറ്ററുടമകളും സമ്മതിച്ചു. തർക്കം പരിഹരിക്കുന്നതടക്കം ചർച്ച ചെയ്യാൻ നാളെ ഫിലിം ചേംബറിൽ സിനിമ സംഘടനകളുടെ സംയുക്ത യോഗം ചേരും.
തിയറ്റർ തുറക്കാൻ സർക്കാർ സമ്മതിച്ചെങ്കിലും എന്ന് പ്രദർശനം തുടങ്ങാൻ കഴിയുമെന്ന് ഫിയോക് ഉൾപ്പെടെയുള്ള തിയറ്റർ സംഘടനകൾക്കൊന്നും വ്യക്തതയില്ല. ഒരാഴ്ചയെങ്കിലും മുന്നൊരുക്കം നടത്തിയാൽ മാത്രമേ തിയറ്ററുകൾ പ്രദർശന സജ്ജമാകൂ. സിനിമകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുന്നോട്ടു പോകുന്നത്. വിതരണക്കാരും നിർമ്മാതാക്കളുമായുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ തയാറാണെന്നും തിയറ്ററുടമകൾ പറഞ്ഞു.
നിർമ്മാതാക്കൾക്കും വിതരണക്കാർക്കും നൽകാനുള്ള വിഹിതം അഞ്ചേമുക്കാൽ കോടി രൂപ മാത്രമാണെന്നും തിയറ്റർ ഉടമകൾ പറഞ്ഞു. നിർമ്മാതാക്കളും വിതരണക്കാരും പറയുന്ന പതിനഞ്ച് കോടി രൂപയുടെ കണക്കിനെ കുറിച്ചറിയില്ല. പതിമൂന്നിന് റിലീസ് ചെയ്യുന്ന വിജയ് ചിത്രം ‘മാസ്റ്റർ’ ആദ്യമായി തിയറ്ററിലെത്തുമെന്നാണ് പ്രതീക്ഷയെങ്കിലും സിനിമ കിട്ടിയാൽ പ്രദർശിപ്പിക്കുമെന്ന് മാത്രമായിരുന്നു ഫിയോക്കിന്റെയും കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെയും സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്റെയും പ്രതികരണം.