കൊരട്ടി: കോവിഡ് -19 ൻ്റെ പശ്ചാത്തലത്തിൽ ലോക രാജ്യങ്ങളെല്ലാം തന്നെ നിലനിൽപ്പിനായുള്ള പോരാട്ടം തുടരുമ്പോൾ പ്രതിരോധ നടപടികൾക്കായി സംസ്ഥാന സർക്കാരിൻ്റെ കൃത്യമായ മാർഗനിർദേശങ്ങൾ ജനങ്ങളിലെത്തിക്കാനും ബോധവൽക്കരിക്കാനും അതിജീവനത്തിൻ്റെ ശിൽപവുമായി കൊരട്ടിപോലീസ്കേരള പോലീസിന് തന്നെ മാതൃകയാവുന്നു. കൊരട്ടി ദേശീയപാത സിഗ്നൽ ജംഗ്ഷന് സമീപം സ്ഥാപിച്ചിരിക്കുന്ന ശിൽപം ശ്രദ്ധേയമായി. കൊരട്ടി പോലീസിൻ്റെ ആശയത്തിൽ നിന്നു മെനഞ്ഞെടുത്ത ശിൽപത്തിന് ൩൦൦യിൽ അധികം കിലോഗ്രാമം തൂക്കമുണ്ട്. ശിൽപത്തിൽ മുഖാവരണത്തിനു പുറമെ കൈയുറകളും ഉയർത്തി പിടിച്ച വലം കൈയിൽ സാനിറൈസറും ഇടം കൈയിൽ കൊറോണ വൈറസിൻ്റെ പ്രതീകാത്മകമായ മാതൃകയും ഉണ്ട്. കൊടുങ്ങല്ലൂർ ആനപ്പുഴ സ്വദേശിയായ ശിൽപ്പി സുബിൻ നിർമിച്ച ശിൽപത്തിലേക്ക് കണ്ണോടിക്കുന്നവർക്ക് കോവിഡിനെതിരെയുള്ള ബോധവൽക്കണം സാധ്യമാകുന്ന വിധം പൂർണ്ണത ശിൽപത്തിനുണ്ട്. പ്ലാസ്റ്റർ ഓഫ് പാരീസ്, സിമൻ്റ്, കമ്പി, ചകിരി, തെർമോകോൾ, കോപ്പർ കളർ പെയിൻ്റ് അടക്കമുള്ള അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചാണ് 12 ദിവസം കൊണ്ട് ശിൽപം നിർമിച്ചത്. സഹായിയായി ഷാനുവെന്ന സുഹൃത്തും ഉണ്ടായിരുന്നു. അസംസ്കൃത വസ്തുക്കൾക്കായി 12000 രൂപയോളം ചെലവഴിച്ചുവെങ്കിലും കൊരട്ടി ജംഗ്ഷനിൽ സ്ഥാപിച്ചതോടെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ ഏറെ ശ്രദ്ധയാകർഷിക്കാൻ കഴിഞ്ഞുവെന്ന ചാരിതാർത്ഥ്യവും ശിൽപിക്കുണ്ട് . ശിൽപത്തിൻ്റെ അനാച്ഛാദനം ബി.ഡി ദേവസി എം.എൽ എ യും റൂറൽ എസ്പി വിജയകുമാരൻ ഐ പി എസും ചേർന്ന് നിർവഹിച്ചു. ഗ്രാാമ പഞ്ചായത്ത് പ്രസിഡൻ്റ്് കുമാരി ബാലൻ അടക്കമുള്ള ജനപ്രതിനിധികളും കൊരട്ടി എസ്എച്ച് ഒ ബി.കെ അരുൺകുമാർ, എസ് ഐ രാമു ബാലചന്ദ്ര ബോസ്, സി.ഒ ജോഷി അടക്കം ഒട്ടേറെ പോലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
ഫോട്ടോക്ക് കടപ്പാട് -ദീപിക