പെരുമ്പി: നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കൊരട്ടി പെരുമ്പി ‘തണൽ’ റെസിഡന്റ്സ് അസോസിയേഷൻ യന്ത്ര സഹായത്താൽ ഞാറുനടീൽ നടത്തി ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ഒൻപത് വർഷമായി പെരുമ്പി പാടശേഖരത്തിൽ അഞ്ച് ഏക്കർ സ്ഥലത്ത് നെൽകൃഷി ചെയ്തുവരുകയായിരുന്നു. ഈ വർഷം യന്ത്രം ഉപയോഗിച്ച് ഞാറ് നട്ടുകൊണ്ട് ആധുനിക സാങ്കേതിക വിദ്യ നെൽകൃഷിക്ക് എങ്ങനെ ഉപയോഗിക്കാമെന്ന് കാണിച്ചു തരികയാണ് ‘തണൽ’ പ്രവർത്തകർ. നാട്ടിലെ അവശേഷിക്കുന്ന ജലസ്രോതസുകളുടെ സംരക്ഷണത്തിനും പാടശേഖരങ്ങൾ മൺമറഞ്ഞു പോകാതിരിക്കാനും നെൽകൃഷി സഹായകരമാകുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
ചാലക്കുടി എം.എൽ.എ. സനീഷ്കുമാർ ജോസഫ് ഉദ്ഘാടനം ചെയ്ത ഞാറുനടീലിനോടനുബന്ധിച്ച് നടത്തിയ യോഗത്തിൽ റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് മോഹൻ കരിമ്പനക്കൽ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, ബ്ലോക്ക് മെമ്പർ സിന്ധുരവി, വാർഡ് മെമ്പർ ബിജോയ് പെരേപ്പാടൻ, തണൽ രക്ഷാധികാരി ഡോ. രവീന്ദ്രൻ കളരിക്കൽ, സെക്രട്ടറി അജയൻ അങ്കത്തിൽ തുടങ്ങിയവർ ആശംസകൾ നേർന്നു.