ഷിന്റോ ചെരപറമ്പൻ
കുലയിടത്തിന്റെ സ്വന്തം ശ്രീ പോൾസണെ പറ്റി രണ്ട് വരി എഴുതാൻ പറഞ്ഞപ്പോൾ….ആദ്യമേ പറയട്ടെ പോൾസൺ എന്ന് പറയുന്നതിൽ ഒന്നും വിചാരിക്കരുത്… കഴിഞ്ഞ തലമുറയിലെയും ഈ തലമുറയിലെയും ആളുകൾ വട്ടോളി പോൾസൺ അല്ലെങ്കിൽ പോൾസൺ എന്നേ വിളിക്കാറുള്ളു… ആൾക്കും അത് തന്നെയായിരുന്നു ഇഷ്ട്ടം…
അദ്ദേഹത്തെ പറ്റി ആലോചിക്കുമ്പോൾ ഓർമ്മ വയ്ക്കുന്ന കാലം മുതൽക്കേ നമ്മുടെ നാട്ടിലെ ഏത് വീട്ടിലും എപ്പോൾ വേണമെങ്കിലും കയറി ചെല്ലാൻ ഒരു മടിയില്ലാത്തതും വീട്ടുകാർക്ക് മുഷിയാത്തതുമായ കഥാപാത്രം..
വെളുപ്പിനുള്ള കുർബ്ബാന പോൾസന് നിർബന്ധമായിരുന്നു…പള്ളിയിൽ പോകുമ്പോഴോ വരുമ്പോഴോ ആരെങ്കിലും ലിഫ്റ്റ് കൊടുത്താൽ പൂർണ്ണ സന്തോഷം…ആള് എല്ലാവരെയും തിരിച്ചറിയും സംസാരിക്കും.. കയ്യിലെ സ്ഥിരം ബീഡികുറ്റി വലിച്ച് സ്വന്തശൈലിയിൽ പുക പുറത്തേയ്ക്ക് വിടുമ്പോഴുള്ള ആ ചിരി..
കുലയിടത്ത് കടകൾ തുറക്കുന്ന സമയത്ത് കടയിലെ സാധനങ്ങൾ എടുത്ത് വയ്ക്കാനും അടയ്ക്കുമ്പോൾ തിരികെ വയ്ക്കാനും പോൾസൺ റെഡി…
സന്തോഷം നിറഞ്ഞ മുഖം… ആരെങ്കിലും പരിചയക്കാർ പോകുന്നത് കണ്ടാൽ പേര് വിളിച്ച് കുശലാന്വേഷണം നടത്തും…
അക്കാലത്ത് ഭക്ഷണപ്രിയനായിരുന്നു ഏത് വീട്ടിലെ പരിപാടിക്കും പോൾസണ്‍ പോകാം ഭക്ഷണം കഴിക്കാം.. അങ്ങനെ ആയിരുന്നു അന്നത്തെ രീതി….ആർക്കും ഒരു പരാതിയും ഇല്ല…
പിന്നീട് വിളിക്കാത്ത കല്യാണങ്ങൾക്ക് പോകാതെയായി… മാവേലി സ്റ്റോറിന്റെ വരാന്തയിൽ താടിക്കും കൈ കൊടുത്ത് ഇരിക്കുന്ന പോൾസണെ പെരുനാൾ സമയത്താണ് അവസാനമായി കണ്ടത്…
ഡയലോഗ് വിടാനും ആള് ഒട്ടും മോശമല്ല..
സ്ഥിരം കേൾക്കുന്നവർക്കൊഴിച്ച് മറ്റുള്ളവർക്ക് ഭാഷ പെട്ടന്ന് മനസിലായിക്കോണം എന്നില്ല
തമാശയ്ക്ക് “നന്നെ പാമ്പയ്ക്കട്ടെ”( നിന്നെ പാമ്പ് കടിക്കട്ടെ )”മയാക്ക് മേള”(മാജിക്ക് മേള ) എന്നിങ്ങനെ ചില വാക്കുകൾ പറഞ്ഞ് ആളുകളെ രസിപ്പിക്കുമായിരുന്നു..
ഒപ്പം ഇഷ്ടപെടാത്തത് ആരെങ്കിലും പറഞ്ഞാൽ…. “ഞ് പോയി ചാവ്” എന്ന ഒറ്റ ഡയലോഗ്…
പുലിക്കളിക്ക് തോക്കും കൊണ്ട്, ക്രിസ്തുമസ്സിന് പപ്പാനിയായും ഓണാഘോഷങ്ങൾക്കും എല്ലാ ആഘോഷങ്ങൾക്കും പോൾസൺ റെഡി..
വേളാങ്കണ്ണി മാതാ യൂണിറ്റിന്റെ എല്ലാ പരിപാടികൾക്കും വളരേ ആക്റ്റീവ് ആയി പോൾസൺ പങ്കെടുക്കാമായിരുന്നു..
കഴിഞ്ഞ പിറന്നാളിന്, സഹോദരിയുടെ മകൾ ഫേസ്ബുക്കിലിട്ട ഫോട്ടോയിൽ നിന്നാണ് പോൾസണ്‍ 53 വയസ്സ് ആയെന്ന് നാട്ടുകാർ അറിയുന്നത് തന്നെ…എന്നും ഒരേ രൂപം.. ഒരേ മനസ്സ്..
ചുരുക്കി പറഞ്ഞാൽ കുലയിടത്തിന്റെ മറക്കാനാവാത്ത ഒരു മുഖങ്ങളിൽ ഒന്നാണ് പോൾസൺ വട്ടോളി… തീർച്ചയായും കുലയിടത്ത് കാരുടെ മനസ്സിൽ ഉണ്ടാവും..
പ്രിയനാട്ടുകാരന് ആദരാഞ്ജലികൾ