കൊരട്ടി: പതിറ്റാണ്ടുകളായി ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കും അടിച്ചമവര്ത്തപ്പെട്ടവര്ക്കുംവേണ്ടി സേവനം ചെയ്യുന്ന വയോധികനായ ജെസ്യൂട്ട് വൈദികന് ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റുചെയ്തതില്‍ തിരുമുടിക്കുന്ന് ഇടവക ജനങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി. ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റ് ജാര്‍ഖണ്ഡിലെ മനുഷ്യ- ഭരണഘടനാ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന എല്ലാവര്ക്കും എതിരെയുള്ള ആക്രമണം കൂടിയാണെന്ന് വികാരി ഫാ. ജോസ് ചോലിക്കര പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ഈ അറസ്റ്റിനെ അപലപിക്കുന്നതിനോടൊപ്പം ഫാ. സ്റ്റാന്‍ സ്വാമിയെ മോചിപ്പിക്കുവാനുള്ള നടപടി അധികൃതര്‍ ഉടന്‍ കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് മാനദണ്ധങ്ങള്‍ പാലിച്ചുകൊണ്ട് നടന്ന പ്രതിഷേധയോഗത്തില്‍ സെന്റ് ജോണ്‍ പോള്‍ മൈനര്‍ സെമിനാരി റെക്ടര്‍ റവ. ഡോ. ലോറന്‍സ് തൈക്കാട്ടില്‍, ഇടവക സഹവികാരി ഫാ. മാത്യു ഇഞ്ചക്കാട്ടുമണ്ണില്‍, സിസ്റ്റര്‍ പുഷ്പമരിയ, കൈക്കാരന്മാരായ ഷിബു തയ്യില്‍, ജോസ് നെല്ലിപ്പിള്ളി, കുടുംബയൂണിറ്റ് കേന്ദ്രസമിതി വൈസ്ചെയര്‍മാന്‍ ഷോജിഅഗസ്റ്റിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.