സംസ്ഥാനത്ത് ജില്ലകളെ സോണുകളായി തിരിച്ചുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതോടെ കൂടുതല്‍ മേഖലകളില്‍ ഇളവ് ലഭിക്കും. കണ്ടെയ്ന്മെന്റ് സോണായി തെരഞ്ഞെടുത്ത സംസ്ഥാനത്തെ 15 ഇടങ്ങളിലാണ് ഇനി മുതല്‍ കര്‍ശന നിയന്ത്രണം തുടരുക. യാത്രയ്ക്കും സ്ഥാനപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനും ഈ മേഖലകളില്‍ നിയന്ത്രണങ്ങളുണ്ടാകും.
കണ്ണൂര്‍, കോട്ടയം ജില്ലകളെ റെഡ് സോണ്‍ ആയിട്ടും മറ്റ് ജില്ലകളെ ഓറഞ്ച്,ഗ്രീന്‍ സോണുകളുമായി തിരിച്ചായിരുന്നു ഇതുവരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ജില്ലകളെ സോണുകളായി വേര്‍തിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം .ആരോഗ്യവകുപ്പ് നിശ്ചയിച്ച കണ്ടയ്ന്മെന്റ് സോണുകളില്‍ മാത്രമാണ് ഇനി മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാവുക. അതായത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിന്ന കണ്ണൂര്‍ കോട്ടയം ജില്ലകളില്‍ പ്രദേശികമായി കണ്ടെത്തിയ കണ്ടയ്ന്മെന്റ് സോണുകളില്‍ മാത്രമായിരിക്കും ഇനി മുതല്‍ നിയന്ത്രണം.
സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട 15 കണ്ടയ്ന്മെന്റ് സോണുകളിലെ വിവിധ മേഖലകളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. സൈക്കിൾ റിക്ഷ, ഓട്ടോ റിക്ഷ, ടാക്സികൾ, ബസ് സർവീസുകൾ, ബാർബർ ഷോപ്പുകൾ, സ്പാ, സലൂണുകൾ എന്നിവക്ക് വിലക്കുണ്ടാകും. അത്യാവശ്യ കാര്യത്തിന് കാർ ഉപയോഗിക്കാം കാറുകളിൽ ഡ്രൈവർ ഉൾപ്പെടെ രണ്ട് യാത്രക്കാർ മാത്രമേ പാടുള്ളൂ. കണ്ടയ്ന്മെന്റ് സോണിലേക്ക് യാത്ര നിയന്ത്രണമുണ്ടാകും. കടകമ്പോളങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന സമയത്തിനും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്.