മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ കുറിപ്പടിയോടെ ബിവറേജസ് കോർപറേഷൻ വഴി വീട്ടിൽ മദ്യം വിൽക്കുന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മദ്യം കിട്ടാതെ വരുമ്പോൾ രോഗ ലക്ഷണം കാണിക്കുന്ന നിരവധി പേരുണ്ട് സംസ്ഥാനത്തെന്നും എല്ലാവരേയും ഈ സമയത്ത് ചികിത്സക്ക് കൊണ്ടുപോകാനാകില്ലെന്നുമായിരുന്നു ഉത്തരവിനെ ന്യായീകരിച്ച് സർക്കാർ കോടതിയിൽ പറഞ്ഞത്.
എന്ത് ശാസ്ത്രീയ അടിത്തറയാണ് ഈ ഉത്തരവിന് ഉള്ളതെന്ന് കോടതി ചോദിച്ചു. മദ്യാസക്തര്‍ക്ക് മദ്യം നൽകുന്നു എന്നതിന് അപ്പുറം ഇതിലെന്ത് കാര്യമാണ് പറയാനുള്ളതെന്നും കോടതി ചോദിച്ചു. അപ്പോഴാണ് മദ്യം പൂര്‍ണ്ണമായും നിരോധിച്ച സംസ്ഥാനങ്ങളിൽ പോലും ഡോക്ടർമാരുടെ കുറിപ്പടിയോടെ മദ്യം ലഭ്യമാക്കുന്നുണ്ട് എന്ന കാര്യം സര്‍ക്കാര്‍ കോടതിയിൽ പറഞ്ഞത്. അത് മാത്രമാണ് ഉദ്ദേശിച്ചതെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയിൽ വാദിച്ചു.
മാത്രമല്ല കുറിപ്പടി എഴുതാൻ ഡോക്ടര്‍മാരെ നിര്‍ബന്ധിക്കുന്നില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. അതേസമയം ഒരു ഡോക്ടറും മദ്യം കുറിപ്പടിയിൽ എഴുതില്ലെന്ന് പറഞ്ഞു കഴിഞ്ഞു. അങ്ങനെ എങ്കിൽ സര്‍ക്കാര്‍ ഉത്തരവ് കൊണ്ട് എന്ത് കാര്യമെന്നായിരുന്നു ഹൈക്കോടതയുടെ ചോദ്യം. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരെ ടിഎൻ പ്രതാപൻ ആണ് ഹർജി നൽകിയത്.