പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ വിമാനത്തില്‍ ഉച്ചയ്ക്ക് 1.35ന് തിരിക്കുന്ന അദ്ദേഹം 2.45 ന് കൊച്ചി ഐ.എന്‍.എസ്. ഗരുഡ വിമാനത്താവളത്തിലെത്തും.
പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്, ഹൈബി ഈഡന് എം.പി., കെ.ജെ. മാക്സി എം.എല്‍.എ., കൊച്ചി കോര്പ്പറേഷന് മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, അഡീഷണല്‍ ചീഫ് സ്ക്രട്ടറി സത്യജിത് രാജന്, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, വൈസ് അഡ്മിറല്‍ എ.കെ. ചൗള, ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ജില്ലാ പോലീസ് മേധാവി നാഗരാജു ചക്കിലം തുടങ്ങിയവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിക്കും.
തുടര്‍ന്ന് ഹെലിക്കോപ്റ്ററില്‍ രാജഗിരി ഹെലിപ്പാഡില്‍ എത്തുന്ന പ്രധാനമന്ത്രിയെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്ര സഹമന്ത്രി വി. മുരളീധരന്, പി.റ്റി. തോമസ് എം.എല്‍.എ., തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പന്, ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ ഹാരിസ് റഷീദ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും.
ഹെലിപ്പാഡില്‍ നിന്ന് റോഡ് മാര്‍ഗം പ്രധാനമന്ത്രി അമ്പലമേട് വി.എച്ച്.എസ്.ഇ. സ്കൂള്‍ ഗ്രൗണ്ടിലെ ഉദ്ഘാടന വേദിയിലെത്തും. 3.30ന് നടക്കുന്ന ചടങ്ങില്‍ പങ്കെടുത്ത ശേഷം 5.55 ന് കൊച്ചി ഐ.എന്‍.എസ്. ഗരുഡ വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിക്ക് തിരിക്കും.
ബിപിസിഎല്ലിന്റെ പ്രൊപിലീന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രോജക്റ്റ് (പി.ഡി.പി.പി.), കൊച്ചിയിലെ വില്ലിംഗ്ഡണ്‍ ദ്വീപുകളിലെ റോറോ വെസ്സലുകള്‍ എന്നിവ രാജ്യത്തിനായി സമര്‍പ്പിക്കുന്ന പ്രധാനമന്ത്രി കൊച്ചി തുറമുഖത്ത് അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനല്‍ ‘സാഗരിക’, കൊച്ചിന് ഷിപ്പ് യാര്‍ഡ് ലിമിറ്റഡിന്റെ നോളഡ്ജ് ആന്‍ഡ് സ്കില്‍ ഡെവലപ്മെന്റ് സെന്റര്‍ എന്നിവ ഉദ്ഘാടനം ചെയ്യും.
കൊച്ചി തുറമുഖത്ത് ദക്ഷിണ കല്‍ക്കരി ബെര്‍ത്തിന്റെ പുനര്‍നിര്‍മാണത്തിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്, കേന്ദ്ര തുറമുഖ വകുപ്പ് സഹമന്ത്രി മന്‍സുഖ് എല്‍. മാന്‍ഡവ്യ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരിക്കും.