അന്തർ സംസ്ഥാന വൈദ്യുത പ്രസരണ നിരക്ക് കൂട്ടിയ പവർഗ്രിഡ് കോർപറേഷന്റെ ഉത്തരവിനെതിനെതിരെ അപലേറ്റ് അതോറിറ്റിയെ സമീപിക്കാതെ കെ.എസ്.ഇ.ബി. പകരം സമീപിച്ചത് ഹൈക്കോടതിയെ. ഇതുകൊണ്ട് ഗുണമുണ്ടാകില്ലെന്നാണ് സംഘടനകൾ പറയുന്നത്. പ്രസരണ നിരക്ക് കൂട്ടിയതോടെ സംസ്ഥാനത്ത് വൈദ്യുത ചാർജ് വർധിപ്പിക്കാൻ കെ.എസ്.ഇ.ബി നിർബന്ധിതരാകും.
പവർഗ്രിഡ് കോർപറേഷന്റെ അഭ്യർത്ഥനയെ തുടർന്നാണ് നവംബർ ഒന്ന് മുതൽ അന്തർ സംസ്ഥാന വൈദ്യുത പ്രസരണ നിരക്ക് കേന്ദ്ര റഗുലേറ്ററി കമ്മീഷൻ കൂട്ടിയത്. കേരളത്തിന്റെ വൈദ്യുതി ഉപഭോഗത്തിന്റെ 80 ശതമാനവും അന്തർ സംസ്ഥാന വൈദ്യുതിയിലാണ്. പുതിയ രീതി അനുസരിച്ച് ഉപയോഗിക്കാത്ത ശേഷിയുടെ ചിലവ് സംസ്ഥാനങ്ങൾ എല്ലാം കൂടെ വീതം വക്കണം. ഉപയോഗിക്കുന്ന ശേഷിയുടെ ചിലവ് പതിവ് പോലെ വഹിക്കുകയും വേണം. പ്രസരണ നിരക്ക് കൂടിയതോടെ സംസ്ഥാനത്തിന് ഇത് വലിയ ബാധ്യതയാകും. ജനുവരിയിൽ കേന്ദ്ര റഗുലേറ്ററി കമ്മീഷന്റെ വെബ്സൈറ്റിൽ ഇക്കാര്യങ്ങൾ പ്രസിദ്ധീകരിച്ചതാണ്. അന്നും ഇന്നും ഇതിനെതിരെ അപലേറ്റിനെ സമീപിക്കാൻ കെ.എസ്.ഇ.ബി തയ്യാറായില്ല.
പ്രതിവർഷം 1000 കോടിയുടെ അധിക ബാധ്യതയാണ് കെ.എസ്.ഇ.ബി കണക്കാക്കുന്നത്. സ്വാഭാവികമായും ഇത് ഉപഭോക്താവിന് മേൽ പതിക്കും. അങ്ങനെയെങ്കിൽ അടുത്ത മാസം മുതൽ യൂണിറ്റിന് 50 പൈസ കൂട്ടേണ്ടി വരും.