യൂണിടാക് എംഡി സന്തോഷ് ഈപ്പൻ ആരോപിച്ച വിവാദ ഐഫോൺ ഐഎംഇഐ നമ്പർ ഉപയോഗിച്ച് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതിയിൽ അന്വേഷണം ഉണ്ടാവില്ല. കേസില്ലെങ്കില്‍ അന്വേഷണം സാധ്യമല്ലെന്ന് ഡിജിപിക്ക് നിയമോപദേശം ലഭിച്ചു. ഫോണ്‍ വിവരങ്ങള്‍ തേടുന്നത് സ്വകാര്യതയുടെ ലംഘനമാകുമെന്ന അഭിപ്രായമാണ് നിയമവിദഗ്ധർ പങ്കുവെച്ചത്.
യുഎഇ കോണ്‍സുലേറ്റില്‍ വിതരണം ചെയ്ത ഐഫോണ്‍ ആരുടെ കയ്യിലെത്തി എന്നത് പുറത്ത് കൊണ്ടുവരാന്‍ അവസാനം വരെ പോരാട്ടം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഐഫോൺ ആരോപണത്തിൽ തിരക്കഥ കോടിയേരിയുടേതാണ്. മൂന്ന് ഫോണുകള്‍ ആരുടെ കയ്യിലാണ് ഉള്ളതെന്ന് ഇപ്പോള്‍ വെളിവായി. ബാക്കിയുള്ളവയുടെ കാര്യവും താന്‍ തെളിയിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഡിജിപിക്ക് പരാതി നല്കിയപ്പോള് കേസുണ്ടെങ്കില്‍ മാത്രമേ സര്‍വ്വീസ് പ്രൊവൈഡര്‍ക്ക് വിശദാംശങ്ങള്‍ നല്കാന് കഴിയുകയുള്ളുവെന്നാണ് പറഞ്ഞത്. അതുകൊണ്ട് നിയമപരമായ നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎമ്മിനെ പ്രീതിപ്പെടുത്തി സിബിഐ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനാണ്, സന്തോഷ് ഈപ്പന്റെ ശ്രമം. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല സന്തോഷ് ഈപ്പന് വക്കീൽ നോട്ടീസ് അയച്ചു കഴിഞ്ഞു.
സന്തോഷ് ഈപ്പന്റെ ആരോപണം വന്നതിന് തൊട്ടുപിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഈ ആരോപണം ഏറ്റുപിടിച്ചു രംഗത്തെത്തിയതിലൂടെ കാര്യങ്ങൾ വ്യക്തമാണ്. രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്തി സിബിഐ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനാണ് സന്തോഷ് ഈപ്പന്റെ ശ്രമമെന്നും വക്കീൽ നോട്ടീസിൽ രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
സിബിഐ അന്വേഷണത്തിന് എതിരായ സന്തോഷ് ഈപ്പന്റെ ഹർജി ഹൈക്കോടതി സ്വീകരിക്കും മുമ്പ് അതിലെ ഉള്ളടക്കങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചതിൽ ദുരൂഹതയുണ്ട്. 15 ദിവസത്തിനുള്ളിൽ പരസ്യമായി സന്തോഷ് ഈപ്പൻ മാപ്പ് ഖേദം പ്രകടിപ്പിക്കാൻ തയ്യാറായില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങും എന്താണ് പ്രതിപക്ഷ നേതാവിനെ മുന്നറിയിപ്പ്.