സംഗീത നാടക അക്കാദമി ഭാരവാഹികളുടെ ഭാഗത്ത് നിന്നുണ്ടായ അപമാനത്തിൽ മനം നൊന്ത് കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി ഏ.കെ.ബാലനോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കുറ്റാരോപിതരെ ചുമതലയിൽ നിന്ന് മാറ്റി നിർത്തുകയും മാതൃകാപരമായി ശിക്ഷ അന്വേഷണത്തിലൂടെ ഉറപ്പ് വരുത്തണം.
നൃത്തകലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ആർ.എൽ.വി. രാമകൃഷ്ണൻ. ദാരിദ്രത്തോടും അവഗണയോടും പടപൊരുതിയാണ് കലാരംഗത്ത് അറിയപ്പെടുന്ന ഒരാളായി മാറിയത്. പി.ജിയിൽ റാങ്ക് നേടുകയും പിന്നീട് ഡോക്ടറേറ്റ് കരസ്ഥമാക്കുകയും ചെയ്ത ഈ പ്രതിഭയെ ആത്മഹത്യയിലേക്ക് തള്ളിയിട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം.
ദലിത് സമുദായത്തിൽ പെടുന്നവർ രാജ്യം മുഴുവൻ വിവേചനം നേരിടുമ്പോൾ അപമാനഭാരത്താൽ ഒരു കലാകാരൻ ജീവനൊടുക്കാൻ ശ്രമിച്ചു എന്നത് അങ്ങേയറ്റം ഗൗരവത്തോടെ മന്ത്രി കാണണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സംഗീത നാടക അക്കാദമിയിൽ അടുത്തകാലത്ത് ഉയരുന്ന ദലിത് വിരുദ്ധ രീതികൾക്ക് നേരെ കണ്ണടയ്ക്കാതെ ദുർബല വിഭാഗത്തെ ചേർത്തു നിർത്താനും അവരിൽ ആത്മവിശ്വാസം വർധിപ്പിക്കുന്നതിന് ഉതകുന്ന നടപടികളാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്.
ഓൺലൈൻ വഴി നടത്തുന്ന മോഹിനിയാട്ടം പരിപാടിയിൽ പങ്കെടുക്കാൻ അവസരം ആർ.എൽ.വി .രാമകൃഷ്ണന് നിഷേധിക്കാൻ പാടില്ലായിരുന്നു. സ്വന്തം കഴിവ് കൊണ്ട് ഉയർന്നുവന്ന ഒടുവിൽ അദ്ദേഹത്തെ ഒഴിവാക്കി എന്ന് മാത്രമല്ല നുണപ്രചാരണത്തിലൂടെ സമൂഹത്തിന് മുന്നിൽ കുറ്റക്കാരനാക്കി ചിത്രീകരിക്കുകയും ചെയ്തു. ആർ.എൽ.വി. രാമകൃഷ്ണനോട് കാട്ടിയ അപരാധത്തിനു അക്കാദമി പരസ്യമായി മാപ്പ് പറയണമെന്ന് അദ്ദേഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു രമേശ് ചെന്നിത്തല പറഞ്ഞു.