പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ വലിപ്പം കുറയ്ക്കുന്നു. റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകൾ, വരാൻ സാധ്യതയുള്ള ഒഴിവുകൾ ,കഴിഞ്ഞ ലിസ്റ്റുകളിലെ നിയമനം എന്നിവ പരിഗണിച്ച് ആകും ഇനി മുതല് മെയിൻ ലിസ്റ്റ് തയാറാക്കുക. മെയിൻ ലിസ്റ്റിന്റെ അഞ്ചിരട്ടി സപ്ലിമെന്റി ലിസ്റ്റും തയ്യാറാകും.
പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ ശാസ്ത്രീയമായ പുനക്രമീകരണം നടത്തുകയാണ് എന്നാണ് പി.എസ്.സി പറയുന്നത്. മൂന്ന് കാര്യങ്ങൾ പരിഗണിച്ചാണ് ആണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. പരീക്ഷ നടന്ന തസ്തി കയിലേക്ക് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകൾ, ആ തസ്തികയിൽ ഇനി വരാൻ സാധ്യതയുള്ള ഒഴിവുകൾ, സമാനമായ തസ്തികയിലേക്ക് കഴിഞ്ഞ റാങ്ക് ലിസ്റ്റുകൾ നടന്ന നിയമനങ്ങളുടെ കണക്ക് ഇത് മൂന്നും പരിഗണിച്ചാകും മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട ഉദ്യോഗാർത്ഥികളുടെ എണ്ണം തീരുമാനിക്കുക. മെയിൻ ലിസ്റ്റിന്റെ അഞ്ചിരട്ടി സപ്ലിമെന്ററി പട്ടികയും തയ്യാറാക്കും. റാങ്ക് ലിസ്റ്റിൽ നിരവധി ആൾക്കാരുടെ പേരുകൾ വരികയും എന്നാൽ ഭൂരിഭാഗം പേർക്കും നിയമനം ലഭിക്കാതിരിക്കുകയും ചെയ്യുന്ന നിലവിലെ അവസ്ഥ ഒഴിവാക്കാൻ ഇതിലൂടെ കഴിയുമെന്നാണ് പി.എസ്.സി പറയുന്നത്.
മെയിൻ ലിസ്റ്റ് അഞ്ചിരട്ടി സപ്ലിമെന്ററി ലിസ്റ്റ് ഉണ്ടാകുന്നതിനാൽ സംവരണ നഷ്ടം ഉണ്ടാകാനുള്ള സാധ്യതയും ഇല്ല. എന്നാൽ തീരുമാനത്തിനെതിരെ ഉദ്യോഗാർത്ഥികൾ രംഗത്തുവന്നിട്ടുണ്ട്. നിലവിലെ ലിസ്റ്റുകളിൽ നിന്ന് നിയമനം നടത്തുകയാണ് ആദ്യം സർക്കാർ ചെയ്യേണ്ടത്. സർവകലാശാല നിയമനം ഉൾപ്പെടെ പി.എസ്.സിക്ക് വിടുകയും എന്നാൽ നിയമനം നടക്കാനിരിക്കുന്ന നിരവധി തസ്തികകൾ ഉണ്ട്. അതിലേക്ക് ഉൾപ്പെടെ പി.എസ്.സി നിയമനം നടത്തിയ ശേഷമേ റാങ്ക് ലിസ്റ്റ് പരിഷ്കരണം കൊണ്ടുവരാവൂ എന്നും ഉദ്യോഗാർഥികൾ വാദിക്കുന്നു.