സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അറസ്റ്റിലാകുന്നതിന് മുൻപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് തള്ളിയത്. അതേസമയം സ്വപ്ന സുരേഷും സന്ദീപും വൈദ്യ സഹായം ആവശ്യപ്പെട്ടു.
പ്രതികൾ വൈദ്യ സഹായം ആവശ്യപ്പെട്ടതിനെ തുടർന്ന് എൻഐഎ ഓഫീസിൽ എറണാകുളം ജനറൽ ആശുപത്രിയിൽ നിന്ന് ഡോക്ടർമാരെത്തിയിട്ടുണ്ട്. മാനസിക സമ്മർദമെന്നാണ് പ്രതികൾ പറഞ്ഞിരിക്കുന്നത്. ബിപിക്കും ടെൻഷനും മരുന്ന് വേണമെന്ന് സ്വപ്ന ആവശ്യപ്പെട്ടു. എന്നാൽ എൻഐഎ അധികൃതർ കരുതുന്നത് ഇത് പ്രതികളുടെ തന്ത്രമെന്നാണ്.
കൂടാതെ കേസിലെ ഒന്നാം പ്രതിയായ സരിത്തും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കരനും തമ്മിൽ ബന്ധമുണ്ടെന്നതിന്റെ സൂചന പുറത്തുവന്നു. തന്റെ ഫോണിൽ നിന്ന് സരിത്ത് ശിവശങ്കരനെ പല തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്. സരിത്തിന്റെ കോൾ റെക്കോർഡിന്റെ വിശദാംശങ്ങൾ ട്വന്റിഫോറിനു ലഭിച്ചു.
കൂടാതെ സ്വപ്ന സുരേഷും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലും തമ്മിൽ പല തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നു എന്നതിനും തെളിവ് ലഭിച്ചു. സ്വപ്നയുടെ കോൾ റെക്കോർഡിലാണ് ഇരുവരും തമ്മിൽ പലപ്പോഴായി ഫോണിൽ സംസാരിച്ചിരുന്നു എന്ന് തെളിഞ്ഞത്. സ്വപ്ന ഒരു തവണ മാത്രമാണ് വിളിച്ചത്. എന്നാൽ മന്ത്രി തിരികെ 8 തവണ സ്വപ്നയെ വിളിച്ചു. ഫോൺ സംഭാഷണങ്ങളൊക്കെ ചുരുങ്ങിയ സമയം മാത്രമാണ് നീണ്ടുനിന്നത്.