കൊവിഡ് കാലത്ത് സ്വന്തം മണ്ഡലമായ വയനാടിന് വീണ്ടും രാഹുല്‍ഗാന്ധിയുടെ കരുതല്‍. ഇത്തവണ ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി 175 ടെലിവിഷനുകളാണ് രാഹുല്‍ സ്വന്തം നിലയില്‍ ജില്ലയിലെത്തിച്ചത്. നേരത്തെ തെര്‍മല്‍ സ്കാനറുകളും പിപിഇ കിറ്റും ടണ്‍ കണക്കിന് ഭക്ഷ്യവസ്തുക്കളും ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം രാഹുല്‍ ജില്ലയിലെത്തിച്ചിരുന്നു.
ജില്ലയിലെ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിന് ടെലിവിഷനുകളുടെ അഭാവം നിലനില്‍ക്കെ ജില്ലാ ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് രാഹുല്‍ഗാന്ധി സ്വന്തം നിലക്ക് മണ്ഡലത്തിലേക്ക് 175 ടെലിവിഷനുകള്‍കൂടി എത്തിച്ചത്. നേരത്തെ 75 ടെലിവിഷനുകള്‍ രാഹുല്‍ മണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയിരുന്നു. ബത്തേരി, വൈത്തിരി, മാനന്തവാടി താലൂക്കുകളിലെ തിരഞ്ഞെടുത്ത ക്ലബ്ബുകള്‍, വായനശാലകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് വിദ്യാഭ്യാസ വകുപ്പ് ടി.വി സ്ഥാപിക്കുക. പട്ടിക വര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഇതിനുളള കണക്കെടുപ്പുള്‍പ്പെടെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
എംപിയെ പ്രതിനിധീകരിച്ച് ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണന് ടിവി സെറ്റുകള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി. നേരത്തെ തെര്‍മല്‍ സ്കാനറുകള്‍, പിപിഇ കിറ്റ്, സാനിറ്റൈസര്‍, മാസ്ക്ക്, കമ്മ്യൂണിറ്റി കിച്ചനിലേക്ക് ഭക്ഷ്യോത്പന്നങ്ങള്‍ എന്നിവ രാഹുല്‍ മണ്ഡലത്തിലെത്തിച്ചിരുന്നു.
വയനാട് ജില്ലയില്‍ ഇന്നലെ മൂന്ന് പേര്‍ക്ക് കൂടിയാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. രണ്ട് പേര് രോഗമുക്തി നേടി. നിലവില്‍ രോഗം സ്ഥിരീകരിച്ച് 40 പേരാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. മൂന്നുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലുണ്ട്.