സംസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപനമെന്ന ആശങ്ക ശക്തം. ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. അറുപതിലേറെ രോഗികൾക്ക് ആരിൽ നിന്ന് രോഗം പകർന്നെന്ന് വ്യക്തമല്ല. ഉറവിട മറിയാതെ രോഗബാധിതരായി സംസ്ഥാനത്ത് മരിച്ചത് എട്ടുപേരാണ്.
വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ധരുടെ ഇടയിൽ തന്നെ ഇത് സംബന്ധിച്ച് രണ്ട് അഭിപ്രായമുണ്ട്. ഒരു വിഭാഗം സംസ്ഥാനത്ത് സമൂഹ വ്യാപനത്തിന്റെ ലക്ഷണങ്ങൾ മാത്രമാണ് നിലവിലുള്ളതെന്ന് വാദിക്കുമ്പോൾ മറ്റൊരു വിഭാഗം സംസ്ഥാനം സമൂഹ വ്യാപനത്തിലേക്ക് കടന്നു കഴിഞ്ഞുവെന്ന് പറയുന്നു. മുഖ്യമന്ത്രി ഇത് സബന്ധിച്ച് പഠനം നടത്താൻ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. എട്ട് പേരാണ് രോഗ ഉറവിടം അറിയാതെ രോഗബാധയേറ്റ് മരിച്ചത്. ഇതാണ് സംസ്ഥാനത്ത് വൈറസ് ബാധ സമൂഹവ്യാപനത്തിലേക്ക് കടന്നിട്ടുണ്ടോ എന്ന് സംശയിക്കാൻ കാരണം.
കാസർഗോഡ് ചക്ക വീണ് പരുക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണഅ കൊവിഡുണ്ടെന്ന് അറിയുന്നത്. തിരുവനന്തപുരത്ത് മദ്യം കഴിച്ച് കുഴഞ്ഞ് വീണ് ആശുപത്രിയിലെത്തിയപ്പോഴാണ് രോഗബാധയുണ്ടെന്ന് അറിയുന്നത്. ഇത്തരത്തിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ രോഗഉറവിടം കണ്ടെത്താത്ത നിരവധി പേർ ചികിത്സയിലുണ്ട്.