സംസ്ഥാനത്ത് ബുധനാഴ്ച 75 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് 90 പേര് രോഗമുക്തി നേടി.
തിരുവനന്തപുരം 3, കൊല്ലം 14, പത്തനംതിട്ട 1, ആലപ്പുഴ 1, കോട്ടയം 4, എറണാകുളം 5, തൃശൂർ 8, മലപ്പുറം 11, പാലക്കാട് 6, കോഴിക്കോട് 6, വയനാട് 3, കണ്ണൂർ 4, കാസർകോട് 9 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കോവിഡ് സ്ഥിരീകരിച്ചവരുടെ കണക്കുകള്‍.
സംസ്ഥാനത്ത് ഇതുവരെ ഈ രോഗം ബാധിച്ച് 20 പേരാണ് മരണമടഞ്ഞത്. ഇത് നമ്മുടെ സംസ്ഥാനത്തെ കണക്കാണ്. വിദേശരാജ്യങ്ങളില്‍ ഇന്നലെ വരെ 277 മലയാളികള്‍ കോവിഡ് മൂലം മരിച്ചു. രാജ്യത്തിനകത്ത് ഡല്‍ഹി,മുംബൈ,ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ കേരളീയര്‍ കോവിഡ് ബാധിച്ച് മരണമടയുന്ന വാര്‍ത്തകളും വരുന്നുണ്ട്. ഇന്ന് ഡല്‍ഹിയില്‍ ഒരു മലയാളി നഴ്സ മരണമടഞ്ഞു. ഇതെല്ലാം സൂചന നാം നേരിടുന്ന അവസ്ഥ അതിഗുരുതരമാണ് എന്നാണ്. അതിനാല്‍ തന്നെ ഈ രോഗം കൂടുതല്‍ പേരിലേക്ക് പകരുന്നത് ഒഴിവാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ട ഘട്ടമാണിത്.
ഇന്ന് രോഗം ബാധിച്ചവരില്‍ 53 പേര് വിദേശത്തുനിന്ന് വന്നവരാണ്. 19 പേരാണ് രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍. സമ്പര്‍ക്കം മൂലം മൂന്നുപേര്‍ക്കും രോഗബാധയുണ്ടായി. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്നവരില്‍ കോവിഡ് സ്ഥിരീകരിച്ചത്: മഹാരാഷ്ട്ര-8, ഡല്‍ഹി-5,തമിഴ്നാട്-4, ആന്ധ്ര,ഗുജറാത്ത് ഒന്നുവീതം എന്നിങ്ങനെയാണ്.
കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് നാം പ്രവേശിച്ചു. പുറമെ നിന്നു വന്ന പ്രായാധിക്യമുള്ള, മറ്റു രോഗങ്ങളുള്ളവരാണ് മരിച്ചത്. ശാരീരിക അകലം, മാസ്ക് ശീലമാക്കല്‍, സമ്പര്‍ക്കവിലക്ക് ശാസ്ത്രീയമായി നടപ്പാക്കല്‍, റിവേഴ്സ് ക്വാറന്റീന് എന്നിവ നല്ല രീതിയില്‍ നാം നടപ്പാക്കി. ഇതു തുടര്‍ന്നും ചെയ്തു കഴിഞ്ഞാല്‍ രോഗബാധ തടഞ്ഞു നിര്‍ത്താം. നിയന്ത്രണങ്ങള്‍ സ്വയം പിന്തുടരണം. മറ്റുള്ളവരെ രോഗ നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ പേരിപ്പിക്കണം. എല്ലാവരും ആരോഗ്യ സന്ദേശപ്രചാരകരായി മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് 5,876 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് ഇതുവരെ 2,697 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1,351 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,25,307 പേര് നിരീക്ഷണത്തിലുണ്ട്. 1,989 പേര് ആശുപത്രികളിലാണ്. 203 പേരെ ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 1,22,466 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 3,019 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.
ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ട 33,559 സാമ്പിളുകള്‍ ശേഖരിച്ചു. 32,300 നെഗറ്റീവായി. സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകളുടെ എണ്ണം 110 ആയി. ലോക്ക്ഡൗണ്‍ ലഘൂകരിക്കുകയും വിദേശരാജ്യങ്ങളില്‍നിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നുമുള്ള യാത്ര അനുവദിക്കുകയും ചെയ്തതോടെ കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലേക്കാണ് കേരളം പ്രവേശിച്ചത്. മേയ് നാലുവരെ 3 പേരാണ് മരണമടഞ്ഞത്. ഇപ്പോള്‍ അത് 20 ആയി വര്‍ധിച്ചു. പ്രധാനമായും പുറമേനിന്ന് വന്ന പ്രായാധിക്യമുള്ള മറ്റ് രോഗങ്ങളുള്ളവരാണ് മരണമടഞ്ഞത്.