സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 4 പേര്‍ക്ക് നെഗറ്റീവ്. കണ്ണൂര്‍ മൂന്ന് പേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര് വിദേശത്ത് നിന്ന് വന്നവരും രണ്ട് പേര്‍ക്ക് സമ്പര്‍ക്കം മൂലവുമാണ് രോഗം വന്നത്. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് ഇക്കാര്യം അറിയിച്ചത്.
ഇതുവരെ 485 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 123 പേർ ഇപ്പോൾ ചികിത്സയിലാണ്. 20,773 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്; വീടുകളിൽ 20,255 പേർ, ആശുപത്രികളിൽ 518 പേർ. ഇന്ന് 151 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 23,980 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 23277 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള മുൻഗണനാ വിഭാഗത്തിലുള്ള വ്യക്തികൾ ഇത്തരത്തിലുള്ള മുൻഗണനാ ഗ്രൂപ്പിൽനിന്ന് 875 സാംപിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആറ് ഹോട്ട്സ്പോട്ടുകൾ കൂടി
ഇടുക്കിയിൽ മൂന്നും കോട്ടയത്ത് രണ്ടും മലപ്പുറം, പാലക്കാട് ജില്ലകളിൽ ഓരോ പ്രദേശങ്ങളേയുമാണ് ഹോട്ട്സ്പോട്ടുകളായി തിരിച്ചിരിക്കുന്നത്. ഇടുക്കിയിൽ കരുണാപുരം, മൂന്നാർ, ഇടവെട്ടി പഞ്ചായത്തുകളും കോട്ടയത്ത് മേലുകാവ്, ചങ്ങനാശേരി മുനിസിപ്പാലിറ്റി എന്നിവിടങ്ങളും പാലക്കാട്ടെ ആലത്തൂർ, മലപ്പുറത്തെ കാലടി എന്നീ പഞ്ചായത്തുകളുമാണ് ഹോട്ട്സ്പോട്ടുകളായത്.
കോട്ടയം ഇടുക്കി ജില്ലകളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കാര്യങ്ങൾ ഒന്നുകൂടി ഗൗരവമായി പരിശോധിക്കും. ലോക്ഡൗൺ പൂർണമായി വിലയിരുത്തി മേയ് 3 ന് പുതിയ തീരുമാനമെടുക്കും. എല്ലാ മേഖലയും വിശദമായി വിലയിരുത്തി നിലപാടെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.